അമിതാഭ് ബച്ചന്റെ മുംബൈയിലെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. പ്രമുഖ ബോളിവുഡ് താരങ്ങളുടെ വീടുകളില്‍ ബോംബ് സ്ഥാപിച്ചിട്ടുള്ളതായി നാഗ്പൂര്‍ പൊലീസിന്റെ കണ്ട്രോള് റൂമിലേക്ക് ചൊവ്വാഴ്ചയാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്. ധര്‍മ്മേന്ദ്രയുടെ മുംബൈയിലെ വീട്ടിലും ബോബ് സ്ഥാപിച്ചിട്ടുള്ളതായി ഇയാള്‍ ഭീഷണിപ്പെടുത്തി. നാഗ്പൂര്‍ പൊലീസില്‍ നിന്നും വിവരം ലഭിച്ചതനുസരിച്ച് മുംബൈ പൊലീസിന്റെ ബോംബ് സ്ക്വാഡ് അമിതാഭ് ബച്ചന്റെയും ധര്‍മ്മേന്ദ്രയുടെയും വീടുകളില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായതൊന്നും കണ്ടെത്താനായില്ല.
മുംബൈയില്‍ അതിസമ്പന്നര്‍ വസിക്കുന്ന ജൂഹുവിലാണ് അമിതാഭ് ബച്ചന് ആഡംബര ബംഗ്ലാവുകള്‍ ഉള്ളത്. ഝനക്, ഝല്‍സ, വല്‍സ, പ്രതീക്ഷ എന്നിങ്ങനെയാണ് അവയുടെ പേരുകള്‍. മുംബൈയില്‍ എത്തുന്ന സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രങ്ങളാണ് ഈ ബംഗ്ലാവുകള്‍. എല്ലാ ഞായറാഴ്ചയും ആരാധകരെ കാണാന്‍ അമിതാഭ് ബച്ചന് സമയം കണ്ടെത്തുന്നതും ഇവിടെയാണ്. ഏറെക്കാലമായി അദ്ദേഹം തുടരുന്ന പതിവാണ് ഇത്. ധര്‍മ്മേന്ദ്രയുടെ ബംഗ്ലാവും ജൂഹുവില്‍ തന്നെയാണ്.
അതേസമയം വികാസ് ബാലിന്റെ സംവിധാനത്തില്‍ എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ഗണ്‍പത് പാര്‍ട്ട് 1 ആണ് അമിതാഭ് ബച്ചന്റേതായി അടുത്ത് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം. ടൈഗര്‍ ഷ്രോഫും കൃതി സനോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചന്റേത് അതിഥി വേഷമാണ്. ഘൂമര്, ദി ഉമേഷ് ക്രോണിക്കിള്‍സ് എന്നീ ചിത്രങ്ങളിലും അദ്ദേഹം അതിഥി താരമായി എത്തുന്നുണ്ട്. പ്രഭാസ് നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം പ്രോജക്റ്റ് കെ, ഖാക്കി 2 എന്നിവയാണ് അദ്ദേഹം അഭിനയിച്ച് വരാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍. നാഗ് അശ്വിനാണ് പ്രോജക്റ്റ് കെയുടെ സംവിധായകന്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഈ വര്‍ഷം ഇല്ല. 2024 ജനുവരി 12 ന് ആണ് ചിത്രത്തിന്റെ റിലീസ്.