കീവ് : തിങ്കളാഴ്ച രാവിലെ മോസ്കോയ്ക്കുനേരെ യുക്രെയ്ൻ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റഷ്യ വെളിപ്പെടുത്തി. 2 കെട്ടിടങ്ങളില്‍ ബോംബ് വീണെങ്കിലും ആള്‍നാശമില്ലെന്നു മോസ്കോ മേയര്‍ അറിയിച്ചു.
ഡ്രോണുകളുടെ സിഗ്നല്‍, സേന ജാം ചെയ്തതോടെ ഇവ തകര്‍ന്നുവീഴുകയായിരുന്നുവെന്നു റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.മധ്യ മോസ്കോയിലെ കോംസോമോസ്കി ഹൈവേയ്ക്കു സമീപമാണ് ഒരു ഡ്രോണ്‍ വീണത്. പ്രതിരോധ മന്ത്രാലയത്തിന്റെ കെട്ടിടത്തില്‍നിന്ന് 200 മീറ്റര്‍ മാത്രം അകലെയുള്ള വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. തെക്കൻ മോസ്കോയിലെ ബഹുനില ഓഫിസ് കെട്ടിടത്തിലാണു രണ്ടാമത്തെ ഡ്രോണ്‍ പതിച്ചത്. മുകള്‍ നിലകള്‍ക്കു തീപിടിച്ചു.
അതിനിടെ, വടക്കൻ ക്രൈമിയയിലെ ആയുധശാലയ്ക്കുനേരെ ഡ്രോണ്‍ ആക്രമണമുണ്ടായതിനെത്തുടര്ന്നു റഷ്യ-ക്രൈമിയ മുഖ്യ ഹൈവേയിലും റെയില്‍വേയിലും ഗതാഗതം നിര്‍ത്തി. ഗ്രാമവാസികളെ ഒഴിപ്പിച്ചു. 17 ഡ്രോണുകളില്‍ 11 എണ്ണത്തിന്റെ സിഗ്നല്‍ ജാം ചെയ്തതോടെ ഇവ കരിങ്കടലില്‍ പതിച്ചെന്നും 3 എണ്ണം വെടിവച്ചിട്ടെന്നും റഷ്യ അവകാശപ്പെട്ടു.
ഇതേസമയം, തെക്കൻ യുക്രെയ്നില്‍ ഡാന്യൂബ് നദിയിലെ തുറമുഖത്തെ ധാന്യസംഭരണ കേന്ദ്രത്തില്‍ റഷ്യ ഡ്രോണ്‍ ആക്രമണം നടത്തി. 3 സംഭരണശാലകള്‍ തകര്‍ന്നു. കഴിഞ്ഞയാഴ്ച ഒഡേസ തുറമുഖത്തും റഷ്യ കനത്ത ആക്രമണം നടത്തിയിരുന്നു. കരിങ്കടല്‍ വഴിയുള്ള ധാന്യക്കയറ്റുമതിക്കരാറില്‍നിന്നു പിന്മാറിയതിനു പിന്നാലെയാണു തുറമുഖങ്ങള്‍ക്കുനേരെ ആക്രമണം ശക്തമാക്കിയത്.