തൃശൂര്‍: വയോധികയായ ലോട്ടറി കച്ചവടക്കാരിയോട് കണ്ണില്‍ ചോരയില്ലാത്ത ക്രൂരത. വയോധികയെ പറ്റിച്ച് 27 ഓണം ബമ്പർ ടിക്കറ്റുകളാണ് തട്ടിപ്പുകാരാന് തട്ടിയെടുത്തത്. നഗരത്തിലെ മിനി സിവില്‍ സ്റ്റേഷന് സമീപം ടിക്കറ്റ് വില്‍ക്കുന്ന കൊക്കാല സ്വദേശിനി പുളിപറമ്പില്‍ ഗിരിജയുടെ ലോട്ടറി ടിക്കറ്റാണ് കവര്‍ന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന 27 ഓണം ബമ്പർ ടിക്കുകള്‍ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.സംഭവത്തില്‍ ഗിരിജ പൊലീസില്‍ പരാതി നല്കി. 13,500 രൂപയുടെ ടിക്കറ്റാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. 40ഓളം വയസ് പ്രായം തോന്നിക്കുന്ന ആളാണ് തട്ടിപ്പ് നടത്തിയത്. ഗിരിജ പുളിമൂട്ടില്‍ സില്‍ക്സിന് മുന്നില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ടിക്കറ്റ് ആവശ്യമുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയ ആള് മിനി സിവില്‍ സ്റ്റേഷന് സമീപം എത്തിച്ചത്. പിന്നീട് 27 ലോട്ടറി ടിക്കറ്റുമായി കടന്ന് കളയുകയായിരുന്നു.
തമിഴ് സംസാരിക്കുന്ന ആളാണ് തട്ടിപ്പ് നടത്തിയതെന്ന് ഗിരിജ പറഞ്ഞു. മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ മുമ്പും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ട്. അതേസമയം, തിരുവോണം ബമ്പർ വില്‍പ്പനയില്‍ പാലക്കാട് ജില്ലയാണ് ഒന്നാമതെന്നുള്ള കണക്കുകള്‍ പുറത്ത് വന്നിരുന്നു. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 25 കോടി ഒന്നാം സമ്മാനമായുള്ള ബമ്പറിന്റെ 3,80,000 ടിക്കറ്റുകള്‍ ജില്ലയില്‍ ഇതുവരെ വിറ്റഴിഞ്ഞു. വില്പനയിലൂടെ 15.20 കോടി രൂപ ജില്ല നേടി.
ജില്ലാ ഓഫീസില്‍ 2,50,000 ടിക്കറ്റുകളും ചിറ്റൂര്‍ സബ് ഓഫീസില്‍ 67,000 ടിക്കറ്റുകളും പട്ടാമ്പി സബ് ഓഫീസില്‍ 63,000 ടിക്കറ്റുകളുമാണ് വിറ്റഴിച്ചതെന്ന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്തിനേക്കാള്‍ 72,000 ടിക്കറ്റുകള്‍ കൂടുതലായി പാലക്കാട് ജില്ലയില്‍ വില്‍പ്പന നടത്തി. 2022ല്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതും പാലക്കാട് ജില്ലയിലായിരുന്നു. സംസ്ഥാനത്ത് ആകെ 67 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ പാലക്കാട് മാത്രം 10.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. ഈ വര്‍ഷം ജില്ലയില്‍ ആകെ 12 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.