WA :സിറ്റി ഓഫ് അർമാഡൽ കൗൺസിലർ ജിബി ജോയ് അടുത്ത തിരഞ്ഞെടുപ്പിൽ ഓസ്ട്രേലിയൻ ക്രിസ്ത്യൻ പാർട്ടിക്ക് വേണ്ടി മത്സരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് .അങ്കെറ്റെൽ, ഔബിൻ ഗ്രോവ്, കാസുറീന, ഫോറസ്റ്റ്ഡെൽ, ഹെയ്ൻസ്, ഹിൽബെർട്ട്, ഓക്ക്ഫോർഡ്, പിയറ വാട്ടേഴ്സ്, വാൻഡി, ബാൻജാപ്പ്, ഹാരിസ്ഡേൽ എന്നിവയുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന പുതിയ സംസ്ഥാന സീറ്റായ ഓക്ഫോർഡിനായിട്ടാണ് ജിബി ജോയ് മത്സരിക്കുന്നത് .2025 മാർച്ചിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഓസ്ട്രേലിയൻ ക്രിസ്ത്യൻ പാർട്ടി ഇദ്ദേഹത്തെ പിന്തുണച്ചിട്ടുണ്ട്.
തൻ്റെ 49-ാം ജന്മദിനമായ ഒക്ടോബർ 19 ശനിയാഴ്ച, കാനിംഗ്ടൺ റെഡ്ക്രോസ് സെൻ്ററിൽ തൻ്റെ 20 അനുയായികൾക്കൊപ്പം രക്തം ദാനം ചെയ്തുകൊണ്ട്, തനിക്ക് ലഭിച്ച അനുഗ്രഹങ്ങൾക്കും അവസരങ്ങൾക്കും സമൂഹത്തോടും ദൈവത്തോടും നന്ദി പ്രകടിപ്പിക്കാൻ ആ അവസരം വിനിയോഗിക്കാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു .ഓസ്ട്രേലിയൻ കിസ്ത്യൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായ ജിബി സ്വന്തം ജന്മദിനത്തിലാണ് രക്തദാനം സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കാമ്പെയിനിൽ പങ്കാളിയായി രക്തമോ, പ്ലാസ്മയോ നൽകുവാൻ ആഗ്രഹിക്കുന്നവർ 0432165637 ഈ നമ്പറിൽ ബന്ധപ്പെടണമെന്ന് നേതൃത്വം അറിയിച്ചു.തൻ്റെ ജീവിതം ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനമാണെന്നും , മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന രക്തം നൽകിക്കൊണ്ട് നന്ദി പ്രകടിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നതായും , അദ്ദേഹം കൂട്ടിച്ചേർത്തു .
നഴ്സസ് ആയി ജോലി ചെയ്യുന്ന ജിബി ജോയി അഞ്ച് കുട്ടികളുടെ പിതാവാണ്. ഭാര്യ കവിത. ഓസ്ട്രേലിയ ജസ്റ്റിസ് ഓഫ് പീസ് ആയി പ്രവർത്തിക്കുന്ന ജിബി ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെയാണ് കഴിഞ്ഞ വർഷം അർമഡയിൽ സിറ്റി കൗൺസിലിൽ വിജയിച്ചത്.2006 മുതലാണ് അദ്ദേഹം ഓസ്ട്രേലിയയെ തന്റെ മറ്റൊരു വീടാക്കി മാറ്റിയത് .
പാവപ്പെട്ട വിദ്യാർത്ഥിയായിരുന്നതും കട്ടിൽ ഇല്ലാതെ തണുത്ത തറയിൽ ഉറങ്ങിയതുമായ ദിവസങ്ങൾ ഇപ്പോഴും ഓർക്കുന്നതായും, ആ അനുഭവങ്ങൾ തന്നെ മറ്റുള്ളവരോട് അനുകമ്പ പ്രകടിപ്പിക്കുന്നതിന് സഹായിച്ചതായി അദ്ദേഹം പറഞ്ഞു. ഏഴ് വർഷം മുമ്പ് ജോയ് വീടില്ലാത്തവരെ സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ഒരു തെരുവ് പുരോഹിതനായി സന്നദ്ധപ്രവർത്തനം നടത്തിയിരുന്നു.മറ്റുള്ളവരുടെ വ്യക്തിപരമായ സാഹചര്യങ്ങൾ പരിഗണിക്കാതെ എല്ലാവർക്കുമായി സേവനം ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.അതുകൊണ്ടാണ് ഈ ഇലക്ഷനിൽ മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്ന നമ്മൾ ഭവനരഹിതരോ മാനസികരോഗങ്ങളോ നേരിടുന്ന ആളുകളെ സഹായിക്കാൻ അതിൻ്റെ ഒരു ഭാഗം മാത്രമാണ് ചെലവഴിക്കുന്നതെന്നും , ഈ വ്യവസ്ഥിതിക്ക് ഒരു മാറ്റം കൊണ്ടുവരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ജിബി ജോയ് വ്യക്തമാക്കി.വൈവിധ്യമാർന്ന അനുഭവ പരിചയമുള്ള വ്യക്തിയാണ് ജോയ് എന്ന് ഇദ്ദേഹത്തെ അറിയുന്നവർ കേരള ന്യൂസിനോട് പറഞ്ഞു. നേഴ്സിംഗ് , സ്ട്രീറ്റ് ചാപ്ലെൻസി ജോലികൾക്ക് മുകളിൽ, അദ്ദേഹം റിയൽ എസ്റ്റേറ്റിലും പ്രവർത്തിച്ചിട്ടുണ്ട്, ജസ്റ്റിസ് ഓഫ് ദി പീസ് ആണ്, സ്വന്തമായി ഹോം ബിൽഡിങ്ക മ്പനി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ആറ് ഭാഷകളിലും ഇദ്ദേഹത്തിന് പ്രാവീണ്യമുണ്ട്.ഈ അനുഭവ സമ്പത്ത് തൻ്റെ പ്രചാരണ വേലയിൽ ആളുകളുമായി ആശയവിനിമയം നടത്താൻ സഹായിക്കുമെന്ന് ജോയ് പ്രതീക്ഷിക്കുന്നു.
നഴ്സായി പ്രാക്ടീസ് ഇപ്പോഴും ചെയ്യുന്ന ജിബി ജോയിയോട് തൻ്റെ പാർട്ടിയുടെ പ്രധാന നയങ്ങളുമായി പൂർണ്ണമായും യോജിക്കുന്നുണ്ടോ എന്ന് എക്സാമിനർ ചോദിച്ചു.
സാമ്പത്തിക കാരണങ്ങളാലാണ് പലരും ഗർഭച്ഛിദ്രം നടത്താൻ തീരുമാനിക്കുന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും, എന്നാൽ കേവലം സമ്പത്തിന്റെ പേരിൽ ഒരു കുഞ്ഞിനെ വളർത്താൻ പറ്റില്ലെന്നും അതിനാൽ ആ കുഞ്ഞിനെ ചുമക്കാൻ കഴിയില്ലെന്നും തീരുമാനിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.ഗർഭകാലത്തും അവരുടെ കുഞ്ഞിൻ്റെ ജീവിതത്തിലുടനീളവും സ്ത്രീകൾക്ക് കൂടുതൽ സാമ്പത്തിക സഹായം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.ഒരു കുഞ്ഞ് ജനിക്കുന്നത് മാതാപിതാക്കളുടെ മാത്രമല്ല, മുഴുവൻ സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
താൻ എല്ലാ ജീവിതത്തെയും-വിലമതിക്കുന്നുവെന്നും ദൈവം തന്നോടൊപ്പമുണ്ടെങ്കിൽ എന്തും സാധ്യമാണെന്നും ജിബി ജോയ് പറഞ്ഞു.രാഷ്ട്രീയത്തിൽ ആരും ശാശ്വതരല്ല, എല്ലാം സാധ്യമാണ്.ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഒരു ബദൽ മാർഗം തിരയുകയാണെന്ന് താൻ കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി .