ദുബായ് : തങ്ങളുടെ പ്രിയ താരത്തിന്റെ ജന്മദിനആഘോഷങ്ങളുടെ ഭാഗമായി ഇരുപത്തയ്യായിരം രക്തദാനം ലോകമെമ്പാടുമായി നടത്തുവാനുള്ള ആരാധകരുടെ ഉദ്യമം ആദ്യദിവസങ്ങളിൽ തന്നെ വമ്പൻ വിജയം. തിരുവോണനാളിൽ ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ രക്തദാനം നടത്തി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് തുടക്കമിട്ട ക്യാമ്പെയിനിൽ ഇതിനോടകം ഏഴായിരം ബുക്കിങ്ങോ രക്തദാനമോ നടന്ന് കഴിഞ്ഞതായി സംഘടനയുടെ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ് പറഞ്ഞു.
മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മ ആയ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആണ് രക്തദാനത്തിനായി മുന്നിട്ട് ഇറങ്ങിയതെങ്കിലും സമൂഹത്തിന്റെ നാനാ ഭാഗങ്ങളിൽ ഉള്ള നിരവധി ആളുകൾ ഇതിനോടകം രക്തദാനം നടത്തുകയോ ഡെയ്റ്റ് ബുക്ക് ചെയ്യുകയോ ചെയ്തിട്ടുണ്ട്. കേരളം കൂടാതെ ഇന്ത്യക്ക് പുറത്ത് യൂ എ ഇ, സൗദി അറേബ്യ, കുവെയ്റ്റ്, ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽനിന്ന് ഇതുവരെ ലഭിച്ച കണക്കിലാണ് ക്യാപെയിന് ലഭിച്ച വ്യാപക പിന്തുണ മനസ്സിലായിരിക്കുന്നത്. പതിനേഴു രാജ്യങ്ങളിലെ ഫാൻസ് കൂട്ടായ്മകൾ ആണ് രക്തദാന ക്യാമ്പേയിന് നേതൃത്വം വലിക്കുന്നത്. കേരളത്തിൽ രക്തദാനം ഈ ആഴ്ച ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുൺ പറഞ്ഞു. ഈ മാസം മുഴുവൻ പല സ്ഥലങ്ങളിലായി ക്യാമ്പുകൾ ബുക്ക് ചെയ്തിട്ടുണ്ട്.
ഇന്ത്യക്ക് പുറത്ത് ഇതുവരെ നടന്ന ക്യാമ്പേയ്നുകളിൽ ആരാധക സംഘടനയുടെ പ്രവർത്തകരേക്കാൾ മറ്റു പ്രവാസി മലയാളികളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമാണ്. മമ്മൂട്ടി എന്ന നടനോളം തന്നെ മമ്മൂട്ടി എന്ന മനുഷ്യനെയും ഞങ്ങൾക്ക് ഇഷ്ടാണ്. അദ്ദേഹം സമൂഹത്തിനു ചെയുന്ന സേവനങ്ങൾക്ക് പകരം ഞങ്ങൾ ഞങളുടെ രക്തം ദാനം ചെയ്യുകയാണ്. ” രക്തദാനത്തിന് ശേഷം ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് നൈറ്റ്സ് എന്ന സ്പോർട്ടിങ് ക്ലബ്ബിന്റെ ഭാരവാഹിയായ ജിംജിത് ജോസഫ് പറഞ്ഞ വാക്കുകളിൽ മറ്റു മലയാളികൾ എന്തുകൊണ്ട് ഈ ക്യാമ്പെയിനിൽ പങ്കാളി ആവുന്നു എന്നതിന് കൃത്യമായ ഉത്തരം ഉണ്ട്.
സെപ്റ്റംബർ 7 നാണ് മമ്മൂട്ടിയുടെ ജന്മ ദിനം.രക്തദാനവും ജീവകാരുണ്ണ്യ പ്രവർത്തനങ്ങളുമായാണ് മമ്മൂട്ടി ആരാധകർ സാധാരണ ജന്മദിനം ആഘോഷിക്കാറ്.സെപ്റ്റംബർ ആരംഭിച്ചത് മുതൽ എല്ലാദിവസവും രക്തദാന ക്യാമ്പുകൾ നടക്കുന്നുണ്ട്. യൂ എ ഇ യിൽ ഇന്ന് അബുദാബിയിലും അലയിനിലും ക്യാമ്പുകൾ ഉണ്ടാകുമെന്നു മമ്മൂട്ടി ഫാൻസ് യൂ എ ഇ രക്ഷധികാരികളായ അഹമ്മദ് ഷമീമും ഷിഹാബും പറഞ്ഞു