റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ *ജീവസ്പന്ദനം* എന്ന ശീർഷകത്തിൽ നടക്കുന്ന ആറാമത് മെഗാ രക്തദാന ക്യാമ്പ് ഈ വരുന്ന വെള്ളിയാഴ്ച ( 16.06. 2023) നടക്കുകയാണ്. മലാസ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടത്തുന്ന ക്യാമ്പ് രാവിലെ ഒൻപത് മണിക്ക് തുടങ്ങി വൈകിട്ട് 5 മണി വരെ നീണ്ടു നിൽക്കും.
കേളിയും സൗദി ആരോഗ്യ മന്ത്രാലയവും ലുലു ഹൈപ്പർ മാർക്കറ്റും കൈകോർത്താണ് ഇത്തവണയും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. തുടർച്ചയായി രണ്ടാം തവണയാണ് ലുലു ഹൈപ്പർമാർക്കറ്റ് കേളി രക്തദാന ക്യാമ്പുമായി സഹകരിക്കുന്നത്.
കേളി കലാസാംസ്കാരിക വേദിയുടെ രൂപീകരണ കാലഘട്ടം മുതൽക്കുതന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് നിരവധി ഘട്ടങ്ങളിൽ വിവിധ ആശുപത്രികളെ കേന്ദ്രീകരിച്ച് കേളി കൂട്ടമായി രക്തദാനം നടത്തിവരുന്നുണ്ട്. എന്നാൽ തുടർച്ചയായി കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതനുസനുസരിച്ച് ഹജ്ജിന് മുന്നോടിയായി രക്തം ശേഖരിക്കുന്നതിനായാണ് മെഗാ രക്തദാന ക്യാമ്പ് നടത്തിവരുന്നത്. ക്യാമ്പിനു ശേഷവും വിവിധ ഘട്ടങ്ങളിൽ കേളി പ്രവർത്തകർ രക്തദാനം ചെയ്തു വരുന്നു. വർഷത്തിൽ 250 യൂണിറ്റിൽ കുറയാത്ത രക്തദാനം കേളിയുടെ 12 എരിയകളിലായി നടക്കാറുണ്ട്. അതിനായി ജീവകാരുണ്യ കമ്മറ്റിയുടെ കീഴിൽ ഒരു രക്തദാന സെൽ പ്രത്യേകമായി പ്രവർത്തിക്കുന്നു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ കൂട്ടം ചേരുന്നതിന് വിലക്കുള്ളതിനാൽ 2020ൽ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് പകരം ആവശ്യത്തിനുസരിച്ച് വിവിധ ആശുപത്രികളിൽ കേളി പ്രവർത്തകർ രക്തം നൽകുകയായിരുന്നു.
ഈ വർഷവും ഹജ്ജിന് മുന്നോടിയായി ആരോഗ്യ മന്ത്രാലയം രക്തം ആവശ്യപ്പെട്ടതനുസരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഓരോ വർഷവും 600 മുതൽ 850 വരെ യൂണിറ്റ് രക്തമാണ് ഓരോ ക്യാമ്പിലും നൽകിയിട്ടുള്ളത്. നാളിതുവരെ കേളി ഏകദേശം 7500 യൂണിറ്റിൽ അധികം രക്തം വിവിധ ഘട്ടങ്ങളിലായി നൽകിയിട്ടുണ്ട്. ആദ്യ കാലഘട്ടങ്ങളിൽ കേളി പ്രവർത്തകർ വിവിധ ഏരിയ കേന്ദ്രങ്ങളിലെ ആശുപത്രികളിലും ആവശ്യക്കാരുടെ നിർദ്ദേശ പ്രകാരം അതത് ആശുപത്രികളിലുമായിരുന്നു രക്തം നൽകി വന്നിരുന്നത്. എന്നാൽ ഇത്തരത്തിലുള്ള രക്തദാനം സാധാരണ തൊഴിലാളികളായ കേളി പ്രവർത്തകരുടെ തൊഴിൽ സമയത്തെ സാരമായി ബാധിക്കുന്ന അവസ്ഥ വന്നു. തുടർന്നാണ് കേളി ജീവകാരുണ്യ വിഭാഗം സൗദി ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് അവധി ദിവസങ്ങളിൽ കേളി പ്രവർത്തകർക്കും മറ്റ് പൊതു സമൂഹത്തിലെ രക്തദാധാകൾക്കും പങ്കെടുക്കാവുന്ന തരത്തിൽ പൊതു ഇടങ്ങളിലേക്ക് ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തുന്നത്. തുടർന്ന് ഓരോ വർഷവും ഹജ്ജിന് മുന്നോടിയായി ക്യാമ്പ് സംഘടിപ്പിക്കുന്നതിന്ന് സൗദി ആരോഗ്യ മന്ത്രാലയം കേളിയെ സമീപിച്ചു വരുന്നു.വിവിധ ഏരിയകളിൽ നിന്ന് രക്തദാതാക്കളെ എത്തിക്കുന്നതിന് രണ്ട് മിനി ബസ് കൂടി ഏർപ്പെടുത്തിയിട്ടുണ്ട് ക്യാമ്പിന്റെ വിജയത്തിനായി നാസർ പൊന്നാനി ചെയർമാൻ, ജാർനെറ്റ് നെൽസൻ വൈസ് ചെയർമാൻ , അലി പട്ടമ്പി കൺവീനർ , സലീം മടവൂർ ജോയിന്റ് കൺവീനർ, എന്നിവരടങ്ങുന്ന101 അംഗ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.
*കേളിയുടെയും കേളി കുടുംബ വേദിയുടെയും* പ്രവർത്തകർക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും , പ്രവാസികളായ വിവിധ രാജ്യക്കാരും സൗദി പൗരന്മാരും കേളിയുടെ രക്തദാനത്തിൽ പങ്കാളികളാവാറുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
ചെയർമാൻ നാസർ പൊന്നാനി 0506133010,
കൺവീനർ അലി പട്ടാമ്പി 050 806 0513
എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
കേളി കേന്ദ്ര രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ്
കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ
സെക്രട്ടറി സുരേഷ് കണ്ണപുരം
ട്രഷറർ ജോസഫ് ഷാജി
സംഘാടക സമിതി ചെയർമാൻ നാസർ പൊന്നാനി
കൺവീനർ അലി പട്ടാമ്പി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.