ജർമ്മൻ സ്പോർട്സ് വെയർ നിർമ്മാതാക്കളായ അഡിഡാസ് ബ്ലാക്ക് ലൈവ്സ് മാറ്ററിന്റെ ത്രീ സ്ട്രൈപ്പ് ഡിസൈനിന് എതിരെയുള്ള പരാതി പിൻവലിച്ചു. യുഎസ് ട്രേഡ്മാർക്ക് ഏജൻസിയിൽ പരാതി രജിസ്റ്റർ ചെയ്ത് നാൽപ്പത്തിയെട്ട് മണിക്കൂറിന് ശേഷമാണ് അഡിഡാസ് പരാതി പിൻവലിച്ചത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ തിങ്കളാഴ്ചയാണ് അഡിഡാസ് പരാതി നൽകിയത്. ബ്ലാക്ക് ലൈവ്സ് മാറ്റർ ഗ്ലോബൽ നെറ്റ്വർക്ക് ഫൗണ്ടേഷന്റെ ലോഗോ വസ്ത്രങ്ങളിൽ അടയാളപ്പെടുത്തുമ്പോൾ അഡിഡാസിന്റെ ലോഗോയുമായി സാമ്യം ഉണ്ടാകാൻ ഇടയുണ്ടെന്നും ഇതുമൂലം ആശയക്കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു. ടീ-ഷർട്ടുകളും ബാഗുകളും ഉൾപ്പെടെ ഫൗണ്ടേഷൻ പുറത്തിറക്കുന്ന ഉത്പന്നങ്ങളിൽ മൂന്ന്-വര അടയാളം ഉൾപ്പെടുത്തുന്നത് തടയാൻ അഡിഡാസ് ട്രേഡ്മാർക്ക് ഓഫീസിനോട് ആവശ്യപ്പെട്ടു.
അഡിഡാസിന്റെ പരാതി ബ്ലാക്ക് ലൈവ്സ് മാറ്ററിന്റെ (ബിഎൽഎം) ദൗത്യത്തിനെതിരായ വിമർശനമായി ആളുകൾ തെറ്റായി വ്യാഖ്യാനിക്കുമെന്ന ആശങ്കയാണ് അഡിഡാസിന്റെ തീരുമാനത്തിലെ പെട്ടെന്നുള്ള മാറ്റാമെന്ന് റിപ്പോർട്ട്. പരാതി നൽകി രണ്ട് ദിവസത്തിനുള്ളിലാണ് അഡിഡാസ് പരാതി പിൻവലിച്ചിരിക്കുന്നത്. ബ്ലാക്ക് ലൈവ്സ് മാറ്റർ ഗ്ലോബൽ നെറ്റ്വർക്ക് ഫൗണ്ടേഷന്റെ ലോഗോയ്ക്ക് എതിരെയുള്ള പരാതി അഡിഡാസ് എത്രയും വേഗം പിൻവലിക്കുമെന്ന് കമ്പനി വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ കറുത്തവർഗ്ഗക്കാർക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പത്ത് വര്ഷം മുൻപ് ട്വിറ്ററിൽ ഉയർന്നുവന്ന ഒരു വികേന്ദ്രീകൃത പ്രസ്ഥാനമാണ് ബ്ലാക്ക് ലൈവ്സ് മാറ്റർ. ജോർജ്ജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടർന്ന് 2020-ൽ ഈ പ്രസ്ഥാനം ആഗോളതലത്തിൽ എത്തി. ബ്ലാക്ക് ലൈവ്സ് മാറ്റർ ഗ്ലോബൽ നെറ്റ്വർക്ക് ഫൗണ്ടേഷൻ, ബ്ലാക്ക് ലൈവ്സ് മാറ്ററിനെ പിന്തുണയ്ക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ്.