ദില്ലി:നിർണായക സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടി നേരത്തെ കളംപിടിക്കാന്‍ ബിജെപി. ദില്ലിയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് പ്രചാരണം തുടങ്ങാൻ തീരുമാനമായത്. കടുത്ത മത്സരമുള്ള സീറ്റുകളിൽ നേരത്തെ സ്ഥാനാർത്ഥികളെ തീരുമാനിക്കാനും ധാരണയായി.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായാണ് 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളെ ബിജെപി കേന്ദ്ര നേതൃത്വം കണക്കാക്കുന്നത്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങൾക്ക് മുൻപേതന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന്, ബിജെപി സ്ഥിതി വിലയിരുത്തുന്നത്. മധ്യപ്രദേശ് ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ സാഹചര്യമാണ് പ്രധാനമന്ത്രിയടക്കമുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിൽ വിലയിരുത്തിയത്. ഈ സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർ ഒരുക്കങ്ങളുടെ പുരോഗതിയെകുറിച്ചുള്ള റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായയും ഭരണനേട്ടങ്ങളും ഉയർത്തിക്കാട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും, ലോക്സഭാ തെരഞ്ഞെടുപ്പ് പിന്നാലെ നടക്കാനിരിക്കെ മുന്നണിയിൽ അച്ചടക്കം ഉറപ്പാക്കും, ഉടക്കി നിൽക്കുന്ന സഖ്യ കക്ഷികളിലുള്ളവരെയടക്കം പദവികൾ നൽകി അനുനയിപ്പിക്കും.
പ്രതിപക്ഷത്തുള്ള സംസ്ഥാനങ്ങളില്‍ സർക്കാറിനെതിരെ ഉന്നയിക്കാവുന്ന വിഷയങ്ങൾ കണ്ടെത്തി പ്രചാരണം സജീവമാക്കും, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ മാർജിനിൽ വിജയിക്കുകയും ആയിരത്തിൽ താഴെ വോട്ടിന് പരാജയപ്പെടുകയും ചെയ്ത മണ്ഡലങ്ങൾ കണ്ടെത്തി നേരത്തെ പ്രചാരണം സജീവമാക്കാനും യോഗത്തിൽ തീരുമാനമായി. മധ്യപ്രദേശിൽ ഇത്തരത്തിലുള്ള 103 സീറ്റുകളും ഛത്തീസ്ഗഡിൽ 27 സീറ്റുളുമാണ് ഉള്ളത്. ഈ സീറ്റുകളിൽ നിർത്തേണ്ട സ്ഥാനാർത്ഥികളെ സംബന്ധിച്ചും പ്രാഥമിക ചർച്ച ഗത്തിൽ നടന്നു. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍ മധ്യപ്രദേശില്‍ മാത്രമാണ് ബിജെപിക്ക് അധികാരമുള്ളത്.
എൻഡിഎ മുന്നണിയിൽ ഐക്യം ശക്തിപ്പെടുത്താനും കേന്ദ്ര നേതൃത്വം നീക്കങ്ങൾ തുടങ്ങി. കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ചരമവാർഷിക ദിനത്തിൽ അനുസ്മര ചടങ്ങിലേക്ക് ആദ്യമായി ഘടകകക്ഷി നേതാക്കളെയും ക്ഷണിച്ചിരുന്നു. മുന്നണിയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്ന ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീന്ദർ സിംഗ് ബാദലും ചടങ്ങിൽ പങ്കെടുത്തു. എൻഡിഎ നേതാക്കളുടെ യോഗം ജി20 ഉച്ചകോടിക്ക് മുൻപ് വിളിച്ചു ചേർക്കാനും ആലോചനയുണ്ട്.