കാസര്‍കോട്:ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മോക് പോളിനിടെ കാസർകോട്ട് ചെയ്യാത്ത വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചുവെന്ന ആരോപണത്തിൽ കൂടുതല്‍ വിശദീകരണവുമായി യുഡിഎഫ് ബൂത്ത് ഏജന്റ് നാസര്‍ ചെര്‍ക്കള. മോക്പോളിന്റെ ആദ്യ മൂന്ന് റൗണ്ടിലാണ് പ്രശ്നമുണ്ടായതെന്ന് നാസര്‍ ചെര്‍ക്കള പറഞ്ഞു. എല്ലാ സ്ഥാനാർഥികൾക്കും ഒരു വോട്ട് വീതം ചെയ്തപ്പോൾ വിവിപാറ്റിൽ ബിജെപി സ്ഥാനാർഥിക്ക് അധികമായി ഒരു വോട്ട് ലഭിച്ചു.
ഇതുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസർക്ക് പരാതി നൽകിയിരുന്നു. തുടര്‍ന്ന് അവസാന റൗണ്ടിൽ പ്രശ്നം പരിഹരിച്ചു.വോട്ടിംഗ് മെഷീനിൽ പ്രശ്നങ്ങളില്ല. പോളിംഗ് ദിവസം ഇത്തരത്തിലുള്ള അപാകതകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നാസര്‍ ചെര്‍ക്കള ആവശ്യപ്പെട്ടു. അതേസമയം, കാസര്‍കോട് മോക് പോള്‍ ആരോപണം തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസർ റിപ്പോർട്ട് നല്‍കിയെന്നും വാർത്ത തെറ്റെന്നും കമ്മീഷൻ അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് നല്‍കാമെന്നും കമ്മീഷൻ അറിയിച്ചു.
വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിയതിൽ ഇതു വരെ പൊരുത്തക്കേട് ഇല്ല. നാലു കോടി വിവി പാറ്റുകളിൽ ഇതുവരെ വ്യത്യാസം കണ്ടെത്താനായില്ല.മോക് പോളുകളിലെ ചില സാങ്കേതിക പിഴവുകൾ അപ്പോൾ തന്നെ തിരുത്തിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.അതേസമയം, കാസര്‍കോട്ടെ മോക് പോളിനിടെയുണ്ടായ സംഭവം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശം നല്കി. വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതി നിർദ്ദേശം നൽകിയത്.
ഹർജിക്കാരനായ പ്രശാന്ത് ഭൂഷനാണ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.ഇതോടെ ആക്ഷേപങ്ങൾ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീകോടതി നിർദ്ദേശിക്കുകയായിരുന്നു.വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുടെ വാദത്തിനിടെയാണ് പ്രശാന്ത് ഭൂഷണൻ ഇക്കാര്യം സുപ്രീം കോടതിയിൽ ഉന്നയിച്ചത്. നാല് വോട്ടിംഗ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി പോൾ ചെയ്തുവെന്ന് ഹർജിക്കാരൻ അറിയിച്ചു. ഇത് സംബന്ധിച്ച് കാസർകോട്ട് യുഡിഎഫും എൽഡിഎഫും ജില്ലാകളക്ടർക്ക് പരാതി നൽകിയിട്ടുമുണ്ട്.