ചൈനയിൽ വിവാഹങ്ങൾ കുറഞ്ഞു വരുന്നതായി റിപ്പോർട്ടുകൾ. കുട്ടികളുടെ ജനന നിരക്കിലും കുറവ് വരുന്നുണ്ട്. 2021നേക്കാൾ 10.5 ശതമാനം കുറവ് വിവാഹങ്ങൾ മാത്രമാണ് ചൈനയിൽ നടന്നത്. ചരിത്രത്തിലെ ഏറ്റവും കുറവ് വിവാഹങ്ങളാണ് 2022ല്‍ ചൈനയില്‍ നടന്നിട്ടുള്ളതെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍ വിശദമാക്കുന്നത്. 6.8 ദശലക്ഷം ആളുകളാണ് 2022ല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്. 2021ല്‍ ഇത് 7.63 ദശലക്ഷമായിരുന്നു.
സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ 1986 മുതലുള്ള രേഖകളില്‍ ഏറ്റവും കുറവാണ് ഇത്. കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായതിന് പിന്നാലെ ലക്ഷക്കണക്കിന് ആളുകള്‍ വീടുകളിലായി നിയന്ത്രിക്കപ്പെട്ടതും വിവാഹങ്ങള്‍ കുറഞ്ഞതിന് കാരണമായി വിലയിരുത്തുന്നുണ്ട്. ചൈനയിലെ ജനന നിരക്ക് 6.77ആയും കുറഞ്ഞു. 2021ല്‍ ഇത് 7.52 ആയിരുന്നു. എന്നാല്‍ രാജ്യത്തെ മരണ നിരക്ക് 1974 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന നിലയിലുമാണുള്ളത്. 60 വര്‍ഷത്തിനിടയില്‍ ആദ്യമായി രാജ്യത്തെ ജനസംഖ്യയിലും കുറവ് വന്നിട്ടുണ്ട്. ജീവിത ചെലവ് കൂടുന്നതും സാമ്പത്തിക വളര്‍ച്ച കുറയുന്നതും കുടുംബങ്ങളോടുള്ള ആളുകളുടെ കാഴ്ചപ്പാടില്‍ വരുന്ന മാറ്റങ്ങളും ജനന നിരക്കിലുള്ള കുറവിന് കാരണമായി വിലയിരുത്തുന്നുണ്ട്.