ജനീവ : അടുത്തിടെ പോളണ്ടില്‍ 45ലേറെ പൂച്ചകളെ അജ്ഞാത രോഗലക്ഷണങ്ങളോടെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ).
ലോകത്ത് ഇതാദ്യമായാണ് ഒരു പ്രദേശത്ത് ഇത്രയധികം പൂച്ചകള്‍ക്ക് പക്ഷിപ്പനി ഒരേ സമയം സ്ഥിരീകരിക്കുന്നത്. അതേ സമയം, രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാദ്ധ്യത കുറവാണ്. രാജ്യത്തിന്റെ 13 പ്രദേശങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത പൂച്ചകളുടെ അസ്വഭാവിക മരണത്തെ പറ്റി കഴിഞ്ഞ മാസം അവസാനമാണ് പോളിഷ് അധികൃതര്‍ ഡബ്ല്യു.എച്ച്.ഒയെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ 46 പൂച്ചകളില്‍ 29 എണ്ണത്തിന് പക്ഷിപ്പനിയുടെ എച്ച് 5 എൻ 1 വകഭേദം സ്ഥിരീകരിച്ചു.
ഇതില്‍ മുക്കാല്‍ ഭാഗവും വളര്‍ത്തുപൂച്ചകളാണ്. ഇതില്‍ 14 എണ്ണത്തെ ദയാവധത്തിന് വിധേയമാക്കി. 11 എണ്ണം ചത്തുപോയി. ജൂണ്‍ 30നാണ് പക്ഷിപ്പനി ബാധിച്ചുള്ള പൂച്ചയുടെ മരണം അവസാനമായി രേഖപ്പെടുത്തിയത്.
ഈ പൂച്ചകളുമായി സമ്ബര്‍ക്കത്തില്‍ വന്ന മനുഷ്യര്‍ക്ക് ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല. അതേ സമയം, പൂച്ചകളിലേക്ക് വൈറസ് പടര്‍ന്നത് എങ്ങനെയാണെന്ന് വ്യക്തമല്ല. 2021 മുതല്‍ യൂറോപ്പില്‍ പക്ഷിപ്പനി കേസുകള്‍ ഉയരുകയാണ്. ലക്ഷക്കണക്കിന് വളര്‍ത്തുകോഴികളെയും മറ്റും കൊല്ലേണ്ടി വന്നു.
എച്ച് 5 എൻ 1 വകഭേദമാണ് കൂടുതല്‍ കേസുകളിലും കണ്ടെത്തിയത്. 1996ലാണ് ഈ വകഭേദത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. പക്ഷിപ്പനി മുമ്ബും പൂച്ചകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരു രാജ്യത്തിനുള്ളിലെ വിശാലമായ ഭൂപ്രദേശത്തിനുള്ളില്‍ ഇത്രയധികം കേസുകള്‍ കണ്ടെത്തിയത് ഗവേഷകരില്‍ ആശങ്കയ്ക്ക് കാരണമാകുന്നു. 2020 മുതല്‍ മനുഷ്യരിലെ 12 എച്ച് 5 എൻ 1 കേസുകളാണ് ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ട് ചെയ്തത്.
ഇതില്‍ നാല് കേസുകളാണ് ഗുരുതരാവസ്ഥയിലെത്തിയത്. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ മനുഷ്യരിലേക്ക് പടരാൻ സാദ്ധ്യതയുള്ള ജന്തുജന്യ രോഗങ്ങളെ ആരോഗ്യവിദഗ്ദ്ധര്‍ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ലോകമെമ്ബാടുമുള്ള കാട്ടുപക്ഷികളിലും വളര്‍ത്തുപക്ഷികളിലും കണ്ടുവരുന്ന എച്ച് 5 എൻ 1 പക്ഷിപ്പനി സമീപ കാലത്ത് സസ്തനികളിലേക്ക് പടര്‍ന്നതില്‍ മനുഷ്യര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കിയിരുന്നു. എച്ച് 5 എൻ 1 കൂടാതെ എച്ച് 7 എൻ 9, എച്ച് 5 എൻ 8, എച്ച് 10 എൻ 3 വകഭേദങ്ങളിലെ പക്ഷിപ്പനിയും മനുഷ്യനില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും എച്ച് 5 എൻ 1 പടരാനുള്ള സാദ്ധ്യത വളരെ അപൂര്‍വമാണ്. എന്നാല്‍ ജനിതക വ്യതിയാനങ്ങള്‍ സ്ഥിതി മാറ്റിഎഴുതുമോ എന്നത് പ്രവചനാതീതമാണ്.