ഫെബ്രുവരി മാസത്തിൽ ടെക് മേഖലയിലെ പിരിച്ചുവിടലുകളിൽ വലിയ വർദ്ധനയുണ്ടായതായി റിപ്പോർട്ട്. ടെക് പ്രൊഫഷണലുകൾക്ക് കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും മോശം മാസങ്ങളിൽ ഒന്നായിരുന്നു 2025 ഫെബ്രുവരി. കഴിഞ്ഞ മാസം ടെക് ഭീമന്മാരായ മെറ്റ, എച്ച്പി, വർക്ക്ഡേ തുടങ്ങിയ കമ്പനികൾ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
ഫെബ്രുവരിയിൽ 46 കമ്പനികൾ 15,994 ജീവനക്കാരെ പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫെബ്രുവരിയിൽ പിരിച്ചുവിടലുകളിൽ വർദ്ധനവുണ്ടായി. ജനുവരിയിൽ 25 കമ്പനികളിലായി 5641 ജീവനക്കാർക്കാണ് ജോലി നഷ്ടമായത്.
ഫെബ്രുവരിയുടെ തുടക്കത്തിൽ, മെറ്റ തങ്ങളുടെ ജീവനക്കാരുടെ ഏകദേശം അഞ്ച് ശതമാനം, അതായത് ഏകദേശം 3600 ജീവനക്കാരെ പിരിച്ചുവിട്ടു. ഈ പിരിച്ചുവിടലുകളെ ‘പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വെട്ടിക്കുറയ്ക്കലുകൾ’ എന്നാണ് കമ്പനി വിശേഷിപ്പിച്ചത്. ഫെബ്രുവരി 10 നാണ് ഈ പിരിച്ചുവിടൽ ആരംഭിച്ചത്. ജനുവരി ആദ്യം മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് തന്റെ ജീവനക്കാരോട് പ്രകടന ഗ്രാഫ് ഉയർത്താനും താഴ്ന്ന പ്രകടനം കാഴ്ച വയ്ക്കുന്നവരെ വേഗത്തിൽ പുറത്താക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാൽ മികച്ച പ്രകടനം നടത്തിയ ചില ജീവനക്കാരും ഈ പിരിച്ചുവിടലിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്.
മറ്റൊരു ടെക് ഭീമനായ എച്ച്പി ഫെബ്രുവരി 27 ന്, നിലവിലുള്ള പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായി 2,000 പേരെ വരെ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. നിലവിൽ 59 രാജ്യങ്ങളിലായി ഏകദേശം 58,000 ജീവനക്കാർ എച്ച്പിക്ക് ഉണ്ട്. ഈ വെട്ടിക്കുറയ്ക്കലിലൂടെ 2025 ഒക്ടോബർ അവസാനത്തോടെ ഏകദേശം 300 മില്യൺ ഡോളർ ലാഭിക്കാനാകുമെന്ന് എച്ച്പി പ്രതീക്ഷിക്കുന്നു. എങ്കിലും, പുനഃസംഘടനാ ചെലവായി കമ്പനിക്ക് ഏകദേശം 150 മില്യൺ ഡോളർ വേണ്ടിവന്നേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്. 7,000 പേരെ വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2022 നവംബറിൽ ‘ഫ്യൂച്ചർ നൗ’ എന്ന പേരിൽ എച്ച്പി അതിന്റെ പുനഃസംഘടനാ പദ്ധതി അവതരിപ്പിച്ചിരുന്നു. പുതിയ പിരിച്ചുവിടലുകൾ കൂടി വരുന്നതോടെ, പദ്ധതിക്ക് കീഴിലുള്ള ആകെ എണ്ണം 9,000 ആകും. ആദ്യ പാദത്തിൽ കമ്പനി ശക്തമായ സാമ്പത്തിക നേട്ടം കൈവരിച്ചതിന് ശേഷമാണ് ഈ കൂട്ടപ്പിരിച്ചുവിടലുകൾ സംഭവിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന പിസികൾക്ക് കമ്പനിയിൽ ആവശ്യകത വർദ്ധിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
മെറ്റയ്ക്കും എച്ച്പിക്കും പുറമെ, സെയിൽസ്ഫോഴ്സ്, വർക്ക്ഡേ, ഓട്ടോഡെസ്ക് തുടങ്ങിയ കമ്പനികളും അവരുടെ ജീവനക്കാരുടെ ഒരു വലിയ വിഭാഗത്തിന് പിരിച്ചുവിടൽ നോട്ടീസ് നൽകി. ഫെബ്രുവരി 4 ന് സെയിൽസ്ഫോഴ്സ് എഐ സംരംഭങ്ങൾക്ക് മുൻഗണന നൽകുന്നതിനായി വിവിധ വകുപ്പുകളിൽ നിന്ന് 1,000ത്തിൽ അധികം ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിരുന്നു. കമ്പനിയുടെ പ്രാഥമിക എഐ ഓഫറായ ഏജന്റ്ഫോഴ്സിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കമ്പനി നിയമനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ പിരിച്ചുവിടൽ എന്നതും ശ്രദ്ധേയമാണ്.
അതുപോലെ വർക്ക്ഡേ 1,750 ജീവനക്കാരെ അതായത് ജീവനക്കാരുടെ ഏകദേശം 8.5 ശതമാനത്തെ പിരിച്ചുവിട്ടു. എഐ, ആഗോള വിപുലീകരണം, ഓഫീസ് സ്ഥലം കുറയ്ക്കൽ തുടങ്ങിയ കാരണങ്ങളാണ് കമ്പനി പിരിച്ചുവിടലിനായി ചൂണ്ടിക്കാട്ടുന്നത്. ഫെബ്രുവരിയിൽ ഓട്ടോഡെസ്ക് ഒമ്പത് ശതമാനം വർക്ക് ഫോഴ്സ് കുറയ്ക്കൽ പ്രഖ്യാപിച്ചിരുന്നു. ഇത് 1,350 ജീവനക്കാരെ ബാധിക്കും. എഐ ഉൾപ്പെടെയുള്ള പ്രധാന ബിസിനസ് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് കമ്പനിയുടെ ഈ നീക്കം.
എന്തുകൊണ്ടാണ് വലിയ ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത്?
ഈ ഫെബ്രുവരിയിൽ വൻതോതിലുള്ള പിരിച്ചുവിടലുകൾക്ക് കാരണമായ നിരവധി ഘടകങ്ങളുണ്ട്. വർദ്ധിച്ചുവരുന്ന പലിശ നിരക്കുകളും പണപ്പെരുപ്പ സമ്മർദ്ദങ്ങളും ചേർന്ന് സമ്പദ്വ്യവസ്ഥയുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം നിരന്തരമായ ആശങ്കകൾ ഉയർത്തുന്നുണ്ട്. ഇത് കമ്പനികളെ അവരുടെ സാമ്പത്തിക തന്ത്രങ്ങൾ പുനർനിർണയിക്കാൻ പ്രേരിപ്പിക്കുന്നു. മിക്ക കമ്പനികളും അവരുടെ ചെലവ് ചുരുക്കൽ സംരംഭങ്ങൾക്ക് സാമ്പത്തിക അസ്ഥിരത ഒരു പ്രധാന ഘടകമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
മറ്റൊരു പ്രധാന കാരണം എഐ സൊല്യൂഷനുകളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയാണ്. എഐ സൊല്യൂഷനുകൾ പ്രത്യേകിച്ച് ഉപഭോക്തൃ സേവനം, എച്ച്ആർ, മാർക്കറ്റിംഗ് റോളുകൾ മുതലായവ പോലുള്ള നിരവധി ജോലികൾ അനാവശ്യമാക്കുന്നു. ചില സന്ദർഭങ്ങളിൽ, ലയനങ്ങളും ഏറ്റെടുക്കലുകളും കമ്പനികളെ പുനഃക്രമീകരണത്തിന് നിർബന്ധിതരാക്കി. അതിന്റെ ഫലമായി റോളുകൾ ഓവർലാപ്പ് ചെയ്യുന്നതിനും കൂടുതൽ ജോലികൾ വെട്ടിക്കുറയ്ക്കുന്നതിനും കാരണമായി. പ്രതീക്ഷിച്ചതിലും കുറഞ്ഞ വരുമാന പദ്ധതികൾ കാരണം പല കമ്പനികളും ഓഹരി വില ഇടിവ് നേരിടുന്നതിനാൽ നിക്ഷേപകരുടെ ആത്മവിശ്വാസം കുറയുന്നതും പിരിച്ചുവിടലിന് ഒരു കാരണമാണ്.