പെർത്ത്: അഞ്ചാം ബിഗ് ബാഷ് കിരീടം സ്വന്തമാക്കി പെർത്ത് സ്കോർച്ചേഴ്സ്. പ്രമുഖ താരങ്ങളിലാതെ ഇറങ്ങിയ ബ്രിസ്ബേൻ ഹീറ്റിന് കലാശക്കൊട്ടിൽ മികച്ച പ്രകടനം പുറത്ത് എടുക്കാനായില്ല. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹീറ്റിനായി മുൻനിരയിൽ നെയ്ഥൻ മക്സ്വീനി(41), സാം ഹെയ്സ്ലറ്റ്(34) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 12.1 ഓവറിൽ 104/2 എന്ന നിലയിലായിരുന്ന ഹീറ്റിനെ സ്കോർച്ചേഴ്സ് ബൗളർമാർ വരിഞ്ഞുകെട്ടിയതോടെ റൺനിരക്ക് വല്ലാതെ കുറഞ്ഞു. തുടർന്ന് മാക്സ് ബ്രയന്റ് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഹീറ്റിനെ 170 റൺസ് കടത്തിയത്.
ബ്രയന്റ് 14 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും പായിച്ച് 31 റൺസ് നേടി. 19-ാം ഓവർ എറിഞ്ഞ മാത്യു കെല്ലി, ബ്രയന്റിനെയടക്കം രണ്ട് ബാറ്റർമാരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി. ജേസൺ ബെറൻഡ്രോഫ് രണ്ടും ഡേവിഡ് പെയ്ൻ, ആരോൺ ഹാർഡി, ആൻഡ്രൂ റ്റൈ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.മറുപടി ബാറ്റിംഗിൽ ആഷ്ടൻ ടേണർ(53), ജോസ് ഇൻഗ്ലിസ്(26) എന്നിവർ സ്കോർച്ചേഴ്സിന്റെ വിജയം എളുപ്പമാക്കി. ആറാമനായി എത്തിയ ഹോബ്സൺ, കൂപ്പർ കോണല്ലിക്കൊപ്പം(25) ചേർന്ന് ടീമിനെ വിജയത്തിലെത്തച്ചു. ഏഴ് പന്തിൽ 18 റൺസ് നേടിയ ഹോബ്സണൊപ്പം 11 പന്തിൽ ഒരു സിക്സും രണ്ട് ഫോറും നേടിയ കോണല്ലിയാണ് അവസാന ഓവറുകളിൽ ടീമിനായി പൊരുതിയത്. അതേസമയം കഴിഞ്ഞ സീസണിൽ നേടിയ കിരീടം കൈവിടാതിരുന്ന സ്കോർച്ചേഴ്സ്, ബിബിഎല്ലിലെ ഏറ്റവമധികം കിരീടങ്ങളെന്ന റിക്കാർഡ് നിലനിർത്തി.