ന്യൂയോർക്ക്: ലോകം ഏറെക്കാലമായി സ്വപ്നം കാണുന്നതാണ് ഗാസയിലെ സമ്പൂർണ വെടിനിർത്തൽ. ഗാസയിൽ വെടിനിർത്തലിനായി നടക്കുന്ന പരിശ്രമങ്ങൾ നിർണായക ഘട്ടത്തിലെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ അത് സമാധാനം ആഗ്രഹിക്കുന്ന മനസുകൾക്ക് നൽകുന്ന ‘സമാധാനം’ ചെറുതല്ല. വെടിനിർത്തൽ കരാർ ഇസ്രായേലിനും ഹമാസിനും ഖത്തർ കൈമാറിയെന്ന റിപ്പോർട്ടുകൾ അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. ഗാസയിൽ സമാധാനം സാധ്യമായാൽ അത് പടിയിറങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വലിയ നേട്ടമാകും. ഒപ്പം തന്നെ ഖത്തറിന്റെ നിരന്തര ഇടപെടലുകൾക്കും ലോകം മനസ്സറിഞ്ഞ് കയ്യടിക്കും.
ഒരിക്കൽ നിന്നുപോയ ഇടത്ത് നിന്നാണ് ഗാസയിലെ സമാധാന ശ്രമങ്ങൾ വീണ്ടും ശുഭ പ്രതീക്ഷയുടെ സൂചനകളിലേക്ക് എത്തുന്നത്. മേഖലയിലെ പ്രധാന രാഷ്ട്രങ്ങളിലെ നേതാക്കളെല്ലാം ആൾനാശം ഒഴിവാക്കാൻ ഉള്ള നിരന്തരസമ്മർദം ഉയർത്തിയിരുന്നു. ഏറ്റവും ഒടുവിൽ ഞായറാഴ്ച അർധരാത്രി ദോഹയിൽ നടന്ന ചർച്ചകളാണ് വെടിനിർത്തൽ അന്തിമ ധാരണയിലേക്ക് എത്തിച്ചതെന്നാണ് പ്രമുഖ വാർത്ത ഏജൻസിയായ റോയിട്ടേഴ്സും അറബ് ന്യൂസുമടക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അന്തിമ ധാരണ കരാർ ഇരു കക്ഷികൾക്കും അംഗീകാരത്തിനായി കൈമാറിയിട്ടുമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അമേരിക്ക, ഖത്തർ, ഇസ്രായേൽ, ഹമാസ് എന്നിവർ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിഷേധിച്ചിട്ടുമില്ലെന്നത് റിപ്പോർട്ടുകളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതാണ്.
ഘട്ടം ഘട്ടമായുള്ള സേനകളുടെ പിൻ വാങ്ങൽ, ബന്ദികളുടെ കൈമാറ്റം, മാനുഷിക സഹായത്തിനായുള്ള കൂടുതൽ ഇടങ്ങൾ തുറക്കൽ എന്നിവയാണ് കരാറിലെ ധാരണയെന്നാണ് വിവരം. സംഘർഷ മേഖലയിലെ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് നിലവിലെ ചർച്ചകൾ. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങും മുമ്പ് വെടി നിർത്തൽ ധാരണയിൽ എത്തിച്ചേരാൻ കഴിയുന്നത് ജോ ബൈഡനെ സംബന്ധിച്ചടുത്തോളം നേട്ടമാണ്. ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുനായി ചർച്ച നടത്തിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ ചർച്ച സമാധാന ശ്രമത്തിന് ഗുണമായി എന്ന വിലയിരുത്തലുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിൽ ദോഹയിൽ വച്ചാണ് വെടിനിർത്തൽ ധാരണയിലേക്കെത്തിയത് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ഖത്തിറിന്റെ പ്രസക്തിയും ഏറുകയാണ്.
ഇനിയെന്ത്
എല്ലാവരുടെയും നിർദേശങ്ങൾ പരിഗണിച്ചുള്ള കരട് രേഖക്ക് മേൽ ഇനി ബന്ധപ്പെട്ട കക്ഷികളുടെ നിലപാട് അറിയുകയാണ് പ്രധാനം. ചർച്ചകളിൽ ഇടപെട്ട അമേരിക്ക, ഖത്തർ, ഹമാസ്, ഇസ്രായേൽ എന്നിവരാരും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ ചർച്ചകൾ വളരെ പോസിറ്റീവ് ആണെന്നും സമാധാനത്തിലേക്ക് അകലം കുറഞ്ഞു വരുന്നുവെന്നും ആണ് വിവിധ സ്രോതസുകളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. എന്തായാലും സമാധാനം അകലെയല്ല എന്ന ശുഭപ്രതീക്ഷയിലാണ് ഗാസയിലെ മനുഷ്യർ. യുദ്ധമില്ലാത്ത ജീവിതമെന്ന ഗാസയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നതിനായി ഉറ്റുനോക്കുകയാണ് ലോകവും.