വാട്സാപ്പിലൂടെ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജികള്‍ അയച്ചാല്‍ ഇനി അഴിയെണ്ണും. കുവൈത്തിലും സൗദി അറേബ്യയിലും ഇത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് കുവൈത്ത് അഭിഭാഷകര്‍ അറിയിച്ചു.
വാട്സാപ്പിലൂടെയോ മറ്റേതെങ്കിലും സാമൂഹമാദ്ധ്യമങ്ങളിലൂടെയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ രണ്ട് വര്‍ഷം വരെ തടവും 2000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷ.
സൗദിയിലും വാട്സാപ്പിലൂടെ പെണ്‍കുട്ടികള്‍ക്ക് ചുവന്ന ഹാര്‍ട്ട് ഇമോജികള്‍ അയച്ചാല്‍ ജയില്‍വാസം ലഭിക്കും. സൗദി നിയമമനുസരിച്ച്, പിടിക്കപ്പെടുന്നവര്‍ക്ക് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം സൗദി റിയാല്‍ പിഴയും ലഭിക്കും. സൗദി സൈബര്‍ ക്രൈം വിദഗ്ധര്‍ പറയുന്നത് പ്രകാരം വാട്സാപ്പില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജികള്‍ അയക്കുന്നത് രാജ്യത്തിന്റെ അധികാരപരിധിക്കുള്ളില്‍ പീഡനം ആയാണ് കണക്കാക്കുന്നത്.
വാട്സാപ്പ്, ഓണ്‍ലൈൻ സംഭാഷണങ്ങള്‍ക്കിടയിലും ഉപയോഗിക്കുന്ന ചിത്രങ്ങള്‍, പദപ്രയോഗങ്ങള്‍ എന്നിവ ഉപയോഗിച്ച് ഒരാള്‍ കേസ് ഫയല്‍ ചെയ്താല്‍ അത് പീഡന കേസായി മാറിയേക്കാമെന്ന് സൗദിയിലെ ആന്റി ഫ്രോഡ് അസോസിയേഷൻ അംഗം അല്‍ മൊതാസ് കുത്ബി പറയുന്നു. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ മൂന്ന് ലക്ഷം സൗദി റിയാലായും പരമാവധി അഞ്ച് വര്‍ഷം വരെ തടവും ലഭിച്ചേക്കാം.