ബെര്‍ലിൻ : ജര്‍മ്മനിയിലെ ബെര്‍ലിന്റെ തെക്ക് – പടിഞ്ഞാറൻ മേഖലയില്‍ സിംഹം ഇറങ്ങിയെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് ക്ലെയ്ൻമച്നോവ് പ്രദേശത്ത് പെണ് സിംഹത്തെ കണ്ടെന്നുള്ള ഫോണ്‍ കോളുകള്‍ പൊലീസിന് ലഭിച്ചത്.
സിംഹത്തിന്റെ വീഡിയോയും ലഭിച്ചു. ഇതോടെ പൊലീസ് ശക്തമായ തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. 30 ഓളം പൊലീസ് വാഹനങ്ങളും മൃഗഡോക്ടര്‍മാരും സംഘത്തിലുണ്ട്. ഹെലികോപ്റ്ററുകളെയും ഡ്രോണുകളെയും നിരീക്ഷണത്തിന് വിന്യസിച്ചു.
സിംഹത്തെ കണ്ടതായ റിപ്പോര്‍ട്ടില്‍ പൊലീസിന് ആദ്യം സംശയമുണ്ടായിരുന്നെങ്കിലും അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥനും സിംഹത്തെ കണ്ടതോടെ ഉറപ്പിക്കുകയായിരുന്നു. സിംഹത്തെ കണ്ടെത്തുന്നത് വരെ പ്രദേശവാസികള്‍ വീടിന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. വളര്‍ത്തുമൃഗങ്ങളെയും കുട്ടികളെയും പുറത്തേക്ക് ഇറക്കരുതെന്ന് പ്രത്യേക മുന്നറിയിപ്പുണ്ട്. ക്ലെയ്ൻമച്നോവിലെ ജനവാസ മേഖലകള്‍ക്ക് സമീപം നിബിഡ വനങ്ങളുണ്ടെങ്കിലും സിംഹം എവിടെ നിന്ന് വന്നെന്ന് വ്യക്തമല്ല. ജര്‍മ്മൻ വനങ്ങളില്‍ സിംഹങ്ങള്‍ ജീവിക്കുന്നില്ല. രാജ്യത്തെ മൃഗശാല, ആനിമല്‍ സാങ്ങ്ച്വറി എന്നിവിടങ്ങളില്‍ വളര്‍ത്തിയിരുന്ന സിംഹങ്ങള്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടില്ല.