ബെര്‍ലിൻ : ജര്‍മ്മനിയില്‍, തെക്ക് – പടിഞ്ഞാറൻ ബെര്‍ലിനിലെ ക്ലെയ്ൻമച്നോവ് മേഖലയെ ഭീതിയിലാഴ്ത്തിയ സിംഹത്തിനായുള്ള തെരച്ചില്‍ അവസാനിപ്പിച്ച് അധികൃതര്‍.ബുധനാഴ്ച അര്‍ദ്ധരാത്രി ഇവിടെ പെണ് സിംഹത്തെ കണ്ടെന്നുള്ള വ്യാപക റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.എന്നാല്‍ ആളുകള്‍ കണ്ടത് സിംഹത്തെ അല്ലെന്നും കാട്ടുപന്നിയാകാമെന്നുമാണ് അധികൃതരുടെ നിഗമനം. മേഖലയില്‍ സിംഹം കറങ്ങിനടക്കുന്നതിന്റെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ജര്‍മ്മനിയിലെ കാടുകളില്‍ സിംഹങ്ങളില്ല.മാത്രമല്ല, രാജ്യത്തെ മൃഗശാല, ആനിമല്‍ സാങ്ങ്ച്വറി എന്നിവിടങ്ങളില്‍ വളര്‍ത്തിയിരുന്ന സിംഹങ്ങള്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടില്ല. ഇതോടെയാണ് ഭീമൻ കാട്ടുപന്നിയെ രാത്രി സിംഹമായി തെറ്റിദ്ധരിക്കപ്പെട്ടതാകാമെന്ന് അധികൃതര്‍ നിഗമനത്തിലെത്തിയത്.
അതേ സമയം, അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരും സിംഹത്തെ പോലൊരു ജീവിയെ കണ്ടെന്ന് നേരത്തെ ആരോപിച്ചിരുന്നു. സിംഹത്തിന്റേതെന്ന് കരുതുന്ന വ്യക്തമല്ലാത്ത ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇത് ദക്ഷിണാഫ്രിക്കയിലേതടക്കമുള്ള വിദഗ്ദ്ധരെ കൊണ്ട് പരിശോധിപ്പിച്ചു. ഇവരും ഇത് സിംഹമല്ലെന്നാണ് പറയുന്നത്.നൂറിലേറെ പൊലീസുകാര്‍, മൃഗഡോക്ടര്‍മാര്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന വൻ ദൗത്യസംഘമാണ് ഇന്നലെ വരെ സിംഹത്തിനായി തെരച്ചില്‍ നടത്തിയത്.