ന്യൂഡൽഹി: ഇന്ത്യയില്‍ കുറഞ്ഞ നികുതിയാണ് അടച്ചതെന്ന് ബിബിസി സമ്മതിച്ചതായി റിപ്പോര്‍ട്ട്. 40 കോടി രൂപയോളം വരുമാനം ബിബിസി അടച്ചില്ലെന്ന് സർക്കാര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. കുറഞ്ഞ തുക അടച്ചതിന് പിഴയും പലിശയും ബിബിസി അടക്കണമെന്നും സർക്കാർ വൃത്തങ്ങള്‍ നിലപാടെടുത്തു.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ മോദി ഡോക്യുമെന്ററി റിലീസായതിന് പിന്നാലെ ഇന്ത്യയിലെ ബിബിസി ഓഫീസുകളിൽ നടന്ന പരിശോധന വൻ വിവാദത്തിലാണ് കലാശിച്ചത്. ആദായ നികുതി വകുപ്പിന് പുറമെ ബിബിസിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വഷണം നടത്തുന്നുണ്ട്.