പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച ബിബിസി ഡോക്യുമെന്ററി ട്വിറ്റര്‍ നീക്കം ചെയ്ത സംഭവത്തില്‍ കൃത്യമായി എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്ന് ഇലോണ്‍ മസ്ക്.സോഷ്യല്‍ മീഡിയ ഉള്ളടക്കവുമായി ബന്ധപ്പെട്ട ചില നിയമങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമാണെന്നും മസ്ക് പ്രതികരിച്ചു. ബിബിസി ബ്രോഡ്കാസ്റ്റിനു നല്കിയ അഭിമുഖത്തിലാണ് മസ്കിന്റെ പ്രതികരണം.
2002ലെ ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍’ ബിബിസി ഡോക്യുമെന്ററി ബ്ലോക്ക് ചെയ്യാന്‍ ജനുവരിയിലാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്- “എനിക്ക് ഈ പ്രത്യേക സാഹചര്യത്തെക്കുറിച്ച് അറിയില്ല. ഇന്ത്യയില്‍ ചില ഉള്ളടക്കങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല. സമൂഹ മാധ്യമവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമാണ്. ഞങ്ങള്‍ക്ക് ഒരു രാജ്യത്തിന്റെ നിയമങ്ങള്‍ക്കപ്പുറത്തേക്ക് പോകാന്‍ കഴിയില്ല. ഞങ്ങളുടെ ആളുകള്‍ ജയിലില്‍ പോകണോ അല്ലെങ്കില്‍ നിയമം പാലിക്കണോ എന്ന ഘട്ടം വന്നാല്‍ നിയമം പാലിക്കുക എന്ന ചോയ്സാണ് ഞങ്ങള്‍ തെരഞ്ഞെടുക്കുക”- മസ്ക് വ്യക്തമാക്കി.
ട്വിറ്റര്‍, വാട്സ്ആപ്പ്, ആമസോണ്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിന്മേലുള്ള ഇന്ത്യയുടെ പരിശോധനകള്‍ ബിസിനസിനെ ബാധിച്ചെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് തുടര്‍ പദ്ധതികളെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ ചില കമ്ബനികളെ പ്രേരിപ്പിച്ചെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സ്വതന്ത്ര സിഖ് രാഷ്ട്രത്തെ പിന്തുണയ്ക്കുന്ന അക്കൗണ്ടുകള്‍, കര്‍ഷക സമരത്തിനിടെയിലെ ചില അഭിപ്രായങ്ങള്‍, കോവിഡിനെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ തുടങ്ങിയ ബ്ലോക്ക് ചെയ്യാന്‍ നേരത്തെ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.