വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിക്കുന്ന വേളയില്‍, ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററിയായ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി മനുഷ്യാവകാശ സംഘടനകള്‍.
ഈ മാസം 21നാണ് മോദിയുടെ യു.എസ് സന്ദര്‍ശനം. ജൂണ്‍ 20 ന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകരായ ഹ്യൂമൻ റൈറ്റ്സ് വാച്ചും ആംനസ്റ്റി ഇന്റര്‍നാഷണലും അറിയിച്ചതായി വാര്‍ത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്‍ത്തകരടക്കമുള്ള പ്രമുഖരെ ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.
2002ല്‍ മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന മുസ്ലിം വംശഹത്യയെ കുറിച്ച് ബി.ബി.സി നടത്തിയ അന്വേഷണാത്മക ഡോക്യുമെന്ററിയുടെ രണ്ട് ഭാഗങ്ങളും ഇന്ത്യയില്‍ നിരോധിച്ചിരുന്നു. സര്‍ക്കാറിനെതിരായ പ്രൊപഗണ്ടയാണ് ഡോക്യുമെന്ററി എന്നായിരുന്നു സര്‍ക്കാര്‍ ആരോപണം. എന്നാല്‍, ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിയില്‍ പറഞ്ഞ കാര്യങ്ങളില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കണിശമായി ഗവേഷണം ചെയ്താണ് ഇത് തയാറാക്കിയതെന്നുമായിരുന്നു ബിബിസിയുടെ പ്രതികരണം.
ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ച കാര്യം ഓര്‍മ്മപ്പെടുത്താൻ കൂടിയാണ് പ്രദര്‍ശനമെന്ന് സംഘാടകര്‍ പറഞ്ഞു. ഡോക്യുമെന്ററിയുടെ വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാൻ യൂട്യൂബ്, ട്വിറ്റര്‍ എന്നിവയോട് കേന്ദ്രം ഉത്തരവിട്ടിരുന്നു. കൂടാതെ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ഇത് പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിക്കുകയും പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. നിരോധനം വകവയ്ക്കാതെയാണ് പലയിടത്തും വിദ്യാര്‍ത്ഥി സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ഇതിന്റെ പ്രദര്‍ശനം സംഘടിപ്പിച്ചത്.
ഡോക്യുമെന്ററി വിവാദമായതോടെ ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസിയുടെ ഓഫിസുകളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ബി.ബി.സിക്കെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചിരുന്നു.