മലയാള സിനിമയില്‍ നവാഗത സംവിധായകര്‍ക്കൊപ്പം ഏറ്റവുമധികം സിനിമകള്‍ ചെയ്തിട്ടുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തിന്റേതായി വരാനിരിക്കുന്ന രണ്ട് ചിത്രങ്ങളുടെ സംവിധാനവും നവാഗതരാണ്. അതിലൊന്ന് ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ബസൂക്കയാണ്. ഏപ്രില്‍ 9 ന് പ്രഖ്യാപിക്കപ്പെട്ട ചിത്രം സംബന്ധിച്ച ഒരു പ്രധാന അപ്ഡേറ്റ് അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ മമ്മൂട്ടി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംബന്ധിച്ചാണ് അത്. ജൂണ്‍ 2 ന് വൈകിട്ട് 6 ന് പോസ്റ്റര്‍ റിലീസ് ചെയ്യും.
ഗൗതം വസുദേവ് മേനോന് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനൊ ഡെന്നിസ്. തിയറ്റര്‍ ഓഫ് ഡ്രീംസിന്റെയും സരിഗമയുടെയും ബാനറുകളില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്റ, സിദ്ധാര്‍ഥ്, ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രാഹകന്‍, സഹനിര്‍മ്മാണം സഹില്‍ ശര്‍മ്മ, സംഗീതം, പശ്ചാത്തല സംഗീതം മിഥുന് മുകുന്ദന്, എഡിറ്റിംഗ് നിസാദ് യൂസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജു ജെ, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുരാജ് കുമാര്‍.
ചിത്രം ഒരു സ്റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കുമെന്നും റോഷാക്ക് ഒക്കെ പോലെ പുതിയ രീതിയിലുള്ള ഒരു സിനിമയായിരിക്കുമെന്നും ജിനു എബ്രഹാം നേരത്തെ പറഞ്ഞിരുന്നു. ചിത്രം ഒരു മൈന്‍ഡ് ഗെയിം ത്രില്ലര്‍ ആണെന്നും മലയാളത്തില്‍ ഇതുവരെ ഉണ്ടാവാത്ത തരം ജോണറില്‍ ഉള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. നന്‍പകല്‍ നേരത്ത് മയക്കവും ക്രിസ്റ്റഫറുമാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങള്‍. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്.