ബെംഗളുരു എന്നും പോകാനാഗ്രഹിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ഉള്ളയിടമാണ്. എന്നാൽ ബാംഗ്ലൂരിൽ എത്തിയാൽ എവിടേക്കൊക്കെ പോകണം, ഏതൊക്കെ സ്ഥലങ്ങൾ കാണണം എന്നത് പലർക്കും അറിയില്ല. തനിച്ചാണ് ഇവിടേക്ക് വരുന്നതെങ്കിൽ പറയുകയും വേണ്ട. നന്ദി ഹിൽസ്, കബൺ പാര്‍ക്ക്, ലാൽ ബാഗ്, വിധാൻ സൗധ തുടങ്ങിയ സ്ഥിരം സ്ഥലങ്ങൾ മാത്രം കാണാതെ ബെംഗളുരു ശരിക്കും കണ്ട് പോയില്ലെങ്കിൽ അതൊരു നഷ്ടവും കൂടിയാണ്.
വലിയ ബുദ്ധിമുട്ടും ചുറ്റലുകളും ഇല്ലാതെ എങ്ങനെ ബെംഗളുരുവിലെ പ്രധാന സ്ഥലങ്ങൾ കണ്ടുതീർക്കും? വിലകൂടിയ പാക്കേജുകളൊന്നമില്ലാതെ ബെംഗളുരുവിലെ പ്രധാന സ്ഥലങ്ങൾ ഒറ്റ ദിവസത്തിൽ കണ്ടുതീർക്കാൻ ബിഎംടിസിയും കർണ്ണാടക കെഎസ്ആര്‍ടിസിയും വ്യത്യസ്തങ്ങളായ പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. തനിച്ചുള്ള ബെംഗളുരു യാത്രയിൽ കുടുങ്ങുമോ എന്ന് പേടിക്കാതെ പരീക്ഷിക്കാൻ പറ്റിയ പാക്കേജുകൾ ഇതാ..
ബെംഗളുരു ദർശിനി പാക്കേജ്
തനിച്ചു ബാംഗ്ലൂരിൽ വന്ന് ഒറ്റ ദിവസത്തിൽ പ്രധാന സ്ഥലങ്ങളെക്കാം കണ്ടു തീർക്കാൻ പറ്റിയ പാക്കേജാണ് ബിഎംടിസിയുടെ ബെംഗളുരു ദർശിനി പാക്കേജ്. മറ്റാരെയും ബുദ്ധിമുട്ടിപ്പിക്കാതെ, വളരെ കുറഞ്ഞ തുകയിൽ നഗരത്തിലെ പ്രധാന ഇടങ്ങളെല്ലാം കാണാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. കുടുംബവുമായി വരുന്നവർക്ക് വിവിധ ഇടങ്ങൾ സന്ദർശിക്കുമ്പോൾ ക്യാബ് വിളിച്ച് പൈസ കളയാതെ ബെംഗളുരു ദർശിനി പാക്കേജ് എടുത്താൽ സുഖമായി ബെംഗളുരു എക്സ്പ്ലോർ ചെയ്യാം.
എല്ലാ ദിവസവും രാവിലെ 8.46 ന് ബെംഗളുരു ദർശിനി യാത്ര ആരംഭിക്കും.
ബാംഗ്ലൂർ മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്നും ബിഎംടിസിയുടെ വോൾവോ ബസിലാണ് യാത്ര പോകുന്നത്. ബാംഗ്ലൂർ ഇസ്കോൺ ക്ഷേത്രം, വിധാൻ സൗധ, കർണ്ണാടക ഹൈക്കോടതി, ടിപ്പു പാലസ്, ഗവി ഗംഗാധരേശ്വര ക്ഷേത്രം , ദൊഡ്ഡ ഗണപതി, ലാൽ ബാഗ്, കർണ്ണാടക സിൽക്ക്, നാഷണൽ ഗാലറി, വിശ്വേശ്വരയ്യ മ്യൂസിയം, വെങ്കട്ടപ്പ ആർട്ട് ഗാലറി, കബ്ബൺ പാർക്ക് എന്നീ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത്. ഒരാൾക്ക് 431 രൂപയാണ് നിരക്ക്. യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 7022030257 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഇഷാ ഫൗണ്ടേഷൻ യാത്ര
കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷന്റെ ആദി യോഗി കാണാൻ പോകാൻ പറ്റാത്തവർക്ക് അതേപോലെ തന്നെയുള്ള ചിക്ക ബെല്ലാപൂരിലെ ആദിയോഗി കാണാം. ബിഎംടിസിയുടെ ഇഷാ ഫൗണ്ടേഷൻ യാത്രയാണ് ഇതിനവസരമൊരുക്കുന്നത്. ആദിയോഗി മാത്രമല്ല, ഭോഗ നന്ദീശ്വര ക്ഷേത്രം, കനിവെ ബസവണ്ണ ക്ഷേത്രം, സർ എം വിശ്വേശ്വരയ്യ മ്യൂസിയം ആൻഡ് സമാധി, രംഗസ്ഥല രംഗനാഥ സ്വാമി ക്ഷേത്രം, ഇഷാ ഫൗണ്ടേഷൻ എന്നിവയാണ് ഈ യാത്രയിൽ സന്ദർശിക്കുന്നത്.പൊതുഅവധി, വാരാന്ത്യങ്ങൾ തുടങ്ങിയ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.00 മണിക്ക് കെംപെഗൗഡ ബസ് സ്റ്റേഷനിൽ നിന്നും യാത്ര ആരംഭിക്കും. മേൽപ്പറഞ്ഞ അഞ്ചിടങ്ങളും സന്ദർശിച്ച് തിരികെ രാത്രി 9.30 ന് കെംപെഗൗഡ ബസ് സ്റ്റേഷനിൽ യാത്രക്കാരെ എത്തിക്കും. ഒരാൾക്ക് 500 രൂപയാണ് ടിക്കറ്റ് നിരക്ക്, എസി ബസിലാണ് യാത്ര.
ബാംഗ്ലൂർ സിറ്റി ടൂർ പാക്കേജ്
ഏറ്റവും കുറഞ്ഞ ചെലവിൽ ബെംഗളുരു കറങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള പാക്കേജാണ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ നടത്തുന്ന സിറ്റി ടൂർ പാക്കേജുകൾ. ബുൾ ടെംപിൾ, ഗവി ഗംഗാധരേശ്വര ക്ഷേത്രം, ലാൽ ബാഗ്, ടിപ്പു പാലസ്, വിധാൻ സൗധ, ഗവൺമെന്റ് മ്യൂസിയം തുടങ്ങി ഏഴ് പ്രധാന സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഈ യാത്രയിൽ സന്ദർശിക്കും. രാവിലെ 10.00 മണിക്ക് കെഎസ്ടിഡിസിയുടെ യശ്വന്ത്പൂർ ഓഫീസിൽ നിന്നും ആരംഭിക്കുന്ന യാത്ര വൈകിട്ട് അഞ്ചരയ്ക്ക് അവാനിക്കും. 340 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. കൂടുതൽ അറിയുവാനും ബുക്കിങ്ങിനും 080-43344335/8970650070 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
മൈസൂർ ഏകദിന യാത്ര
ബെംഗളുരുവിൽ നിന്നും എളുപ്പത്തിൽ വണ്ടേ ട്രിപ്പ് നടത്താൻ പറ്റിയ സ്ഥലമാണ് മൈസൂർ. കർണ്ണാടക ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന് നടത്തുന്ന മൈസൂർ സൈറ്റ് സീയിങ് പാക്കേജ് വഴി ഇവിടേക്ക് വരാം.ആളുകളുടെ എണ്ണം അനുസരിച്ച് എല്ലാ ദിവസവം സർവീസ് ഉണ്ടായിരിക്കും. ബെംഗളുരുവിൽ നിന്ന മൈസൂരിലേക്ക് ഗ്രൂപ്പായി പോകാൻ ആഗ്രഹിക്കുന്നവർക്ക് ഈ പാക്കേജ് തിരഞ്ഞെടുക്കാം.
ദിവസവും രാവിലെ 6.30ന് യശ്വന്ത്പൂർ ബി എം ടി സി ബസ് സ്റ്റാൻഡിൽ നിന്നും യാത്ര ആരംഭിക്കും. പ്രഭാത ഭക്ഷണം ബിദാദിയിലെ കമ്മത്ത് റസ്റ്റോറന്റിൽ ആണ് ഒരുക്കിയിരിക്കുന്നത്. പത്തരയോടെ ശ്രീരംഗപട്ടണയിലെത്തും. ദാരിയ ദൗലത്ത്, ശ്രീരംഗപട്ടണം കോട്ട, ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം, സെന്റ് ഫിലോമിനാസ് ചർച്ച്, ചാമുണ്ഡേശ്വരി ക്ഷേത്രം, മൈസൂർ പാലസ്, മൈസൂര്‍ സൂ, വൃന്ദാവൻ ഗാർഡൻ എന്നിവിടങ്ങളാണ് കാണുന്നത്. തിരികെ 11.30 ഓടെ ബാംഗ്ലൂരിൽ മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഒരാൾക്ക് 850 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രയെക്കുറിച്ച് കൂടുതൽ അറിയുവാൻ 91 80-4334 4334 എന്ന നമ്പറിൽ ബന്ധപ്പെടാം.