കൊച്ചി: കക്കുകളി നാടകവാതരണം സർക്കാർ തടയണമെന്ന് ടി.എൻ.പ്രതാപൻ എംപി. നാടകം സന്യാസ സമൂഹത്തെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. നാടകത്തിന്റെ ഉള്ളടക്കം വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഉണ്ടാകുന്ന സൃഷ്ടികൾ വിദ്വേഷം ഉണ്ടാക്കുന്നതാണെന്നും പ്രതാപൻ പറഞ്ഞു. ക്രിസ്ത്യൻ പുരോഹിത സമൂഹത്തെ അപമാനിക്കുന്ന നാടകത്തെ അംഗീകരിക്കാൻ സാധിക്കില്ലെന്നും വാർത്താ കുറിപ്പിലൂടെ ടി.എൻ.പ്രതാപന് പ്രതികരിച്ചു.
കക്കുകളി നാടക വിവാദവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ പരാതി കിട്ടിയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും ശരിയല്ല. സംഭവം പരിശോധിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ല. കക്കുകളി ആണെങ്കിലും കൊക്കുകളി ആണെങ്കിലും ശരിയല്ല. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവ ജനങ്ങൾ ബഹിഷ്കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.കേരള സ്റ്റോറി നിരോധിക്കേണ്ടത് ജനങ്ങളാണ്. ജനം സിനിമ ബഹിഷ്കരിക്കണം. സിനിമ നിരോധിക്കുന്നതിൽ നിയമത്തിന്റെ വഴി സർക്കാർ നോക്കുന്നുണ്ട്. പച്ച നുണ പറയുന്നതിൽ രാഷ്ട്രീയമുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ അജണ്ടയാണ് കേരളാ സ്റ്റോറി സിനിമക്ക് പിന്നിൽ. അത് കേരള സമൂഹം അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.