കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ അന്താരാഷ്ട്രതലത്തില്‍ വ്യാപക വിമര്‍ശനം.
നിലവില്‍ പെണ്‍കുട്ടികള്‍ പല മേഖലകളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതിന്റെ ഏറ്റവും ഗുരുതരമായ സാഹചര്യമാണ് അഫ്ഗാനിലെന്ന് ഐക്യരാഷ്ട്ര സംഘടന (യു.എൻ ) സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവായ ലിയനാര്‍ഡോ ഗാര്‍നിയര്‍ പറഞ്ഞു.അഫ്ഗാനില്‍ സ്ത്രീകളുടെ വിദ്യാഭ്യാസം സംബന്ധിച്ച വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ശ്രമങ്ങള്‍ തങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് യുനെസ്കോയുടെ വിദ്യാഭ്യാസ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ സ്റ്റെഫാനിയ ജിയാന്നിനി പ്രതികരിച്ചു. അതേ സമയം, സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് മേല്‍ താലിബാന്റെ അടിച്ചമര്‍ത്തല്‍ തുടരുകയാണ്. രാജ്യത്തെ ഏതാനും പ്രവിശ്യകളില്‍ പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മൂന്നാം ക്ലാസിന് ശേഷം പെണ്‍കുട്ടികളുടെ പഠനം തടയുന്നതായാണ് വിവരം. ഇതിന് മുമ്ബ് ആറാം ക്ലാസ് വരെയാണ് പെണ്‍കുട്ടികള്‍ക്ക് പഠിക്കാൻ അനുമതി നല്‍കിയിരുന്നത്. 2021ല്‍ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ നിരോധനം അടക്കം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് താലിബാനില്‍ നിന്ന് രാജ്യത്തെ സ്ത്രീകള്‍ നേരിടുന്നത്.