തിരുവനന്തപുരം : ബാലരാമപുരം മതപഠന കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ നിര്‍ണായക വഴിത്തിരിവ്. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആൺസുഹൃത്തിനെതിരെ പൊലീസ് പോക്സോ കേസെടുത്തു. പൂന്തുറ സ്വദേശിയായ യുവാവിനെതിരെയാണ് കേസെടുത്തത്. പെൺകുട്ടി മരിക്കുന്നതിന്ന് 6 മാസം മുമ്പാണ് പീഡനം നടന്നത്. ബാലരാമപുരം പൊലീസെടുത്ത പോക്സോ കേസ് പൂന്തുറ പൊലീസിന് കൈമാറി. പെൺകുട്ടി മതപഠന ശാലയിൽ എത്തുന്നതിന് മുമ്പാണ് പീഡനത്തിന് ഇരയായതെന്നാണ് പൊലീസ് നിഗമനം. മതപഠനശാലയിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്പോഴാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് ലഭിക്കുന്നത്. പെൺകുട്ടി മരിക്കുന്നതിന് ആറുമാസം മുമ്പെങ്കിലും പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തി ചേർന്നത്. പെണ്‍കുട്ടി മതപഠനശാലയിൽ എത്തുന്നതിന് മുമ്പ് പീഡനത്തിന് ഇരയായി എന്ന നിഗമനത്തിലാണ് പൊലീസ്. ബാലരാമപുരം പൊലീസ് പോക്സോ പ്രകാരം ആൺ സുഹൃത്തിനെതിരെയാണ് കേസെടുത്തത്. ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തുകയും കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടി മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പൊലീസ് പറയുന്നുണ്ട്. പോക്സോയ്ക്ക് പിന്നാലെ ആത്മഹത്യപ്രേരണാ കുറ്റത്തിനെടുത്ത കേസിലും വൈകാതെ വഴിത്തിരിവുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
ബാലരാമപുരത്തെ അൽ അമൻ എഡ്യുക്കേഷണൽ കോംപ്ലക്സ് എന്ന മതപഠന സ്ഥാപനത്തിലെ ലൈബ്രറി മുറിയിലാണ് അസ്മീയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലേക്ക് വിളിച്ച അസ്മീയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ഉമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഉസ്ദാതും ടീച്ചറും ഒറ്റപ്പെടുത്തുന്നുവെന്നും വഴക്കുപറയുന്നുവെന്നുമാണ് അസ്മീയ ഉമ്മയോട് പറഞ്ഞത്. മകളുടെ സംസാരത്തിൽ വിഷയം തോന്നിയ ഉമ്മ റഹ്മത്ത് ബീവി ഉടൻ ബാലരാമപുരത്തെത്തി. പക്ഷെ അസ്മീയ കുളിമുറിയിലാണെന്ന് പറഞ്ഞ് സ്ഥാപന അധികൃതർ കാത്തിരുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ബലം പ്രയോഗിച്ച് അകത്ത് കടന്നപ്പോഴാണ് ലൈബ്രറിയോട് ചേർന്ന് അസ്മീയയെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. പ്രാഥമിക പോസ്റ്റ്മോർട്ടം ഫലത്തിൽ ആത്മഹത്യയെന്നാണ് നിഗമനം. എന്നാൽ അസ്മീയ ആത്മഹത്യ ചെയ്യാനുള്ള സാധ്യത ബന്ധുക്കൾ തള്ളികളഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്.