ന്യൂഡല്‍ഹി: പ്രതിപക്ഷം ഈ പരിപാടിയെ ‘വാഷിങ് മെഷീൻ’ എന്നാണ് വിളിക്കുന്നത്. അഴിമതി ആരോപണം നേരിടുന്ന രാഷ്ട്രീയക്കാർ സ്വന്തം പാർട്ടി വിട്ടു ബിജെപിയില്‍ ചേർന്നാല്‍ വെളുപ്പിച്ചെടുക്കുന്ന പരിപാടി.
2014 ന് ശേഷം ഇത്തരത്തില്‍ എത്ര വെളുപ്പിക്കലുകള്‍ നടന്നു എന്ന അന്വേഷണം നടത്തി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 10 വർഷത്തിനിടെ, അഴിമതി കേസുകളില്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിട്ട 25 പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ബിജെപി പക്ഷത്ത് ചേർന്നു.
ഇക്കാര്യത്തില്‍ പാർട്ടിഭേദമൊന്നുമില്ല. കോണ്‍ഗ്രസില്‍ നിന്ന് 10 പേരും, എൻസിപി, ശിവസേന പാർട്ടികളില്‍ നിന്ന് നാലും, ടിഎംസിയില്‍ നിന്ന് മൂന്നും, ടിഡിപിയില്‍ നിന്ന് രണ്ടും, എസ്പി, വൈഎസ്ആർസിപി പാർട്ടികളില്‍ നിന്ന് ഓരോന്നും. 25 ല്‍ 23 കേസുകളിലും ശിക്ഷ ഒഴിവാക്കി കൊടുത്തു എന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടില്‍ പറയുന്നത്.
മൂന്നുകേസുകള്‍ അവസാനിപ്പിച്ചു. 20 എണ്ണം നിർത്തി വയ്ക്കുകയോ, കോള്‍ഡ് സ്റ്റോറേജിലോ ആണ്. പട്ടികയിലുള്ള ആറ് രാഷ്ട്രീയക്കാർ പൊതുതിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് ബിജെപിയില്‍ ചേർന്നവരാണ്. ഇഡിയോ, സിബിഐയോ നടപടി സ്വീകരിച്ച പ്രമുഖ
രാഷ്ട്രീയ നേതാക്കളില്‍ 95 ശതമാനവും പ്രതിപക്ഷത്ത് നിന്നുള്ളവരാണ്. അതുകൊണ്ടാണ് പ്രതിപക്ഷം ഈ പരിപാടിയെ വാഷിങ് മെഷീൻ എന്നുവിളിക്കുന്നത്.
ഇതി ബിജെപിയുടെ മാത്രം കഥയല്ല. 2009 ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ രാജ്യം ഭരിക്കുമ്ബോള്‍, എസ്പിയെയും, ബിഎസ്പിയെയും കോണ്‍ഗ്രസ് അടുപ്പിച്ച് നിർത്തുമ്ബോള്‍, അവർക്കെതിരായ അഴിമതി കേസുകളുടെ ദിശ മാറിയിരുന്നതായി ഇന്ത്യൻ എക്സ്പ്രസ് പറയുന്നു.2022-23 കാലത്ത് മഹാരാഷ്ട്രയിലെ രാഷ്ട്രീയ ചാഞ്ചാട്ടങ്ങളുടെ സമയത്താണ് നേതാക്കളെ തേടി കേന്ദ്ര ഏജൻസികള്‍ കൂടുതല്‍ എത്തിയത്. 2022 ല്‍ ശിവസേനയെ ബിജെപി പിളർത്തിയപ്പോള് ഏക്നാഥ് ഷിൻഡെ വിഭാഗം ബിജെപിക്കൊപ്പം സർക്കാരുണ്ടാക്കി. ഒരുവർഷത്തിന് ശേഷം എൻസിപി പിളർന്നപ്പോള്‍ അജിത് പവാർ പക്ഷം എൻഡിഎയില്‍ ചേർന്നു. എൻസിപിയുടെ രണ്ട് ഉന്നത നേതാക്കളായ അജിത് പവാറിനും പ്രഫുല്‍ പട്ടേലിനും എതിരായ കേസുകള്‍ പിന്നീട് അവസാനിപ്പിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള 12 പ്രമുഖർ 25 അംഗ പട്ടികയില്‍ ഉള്‍പ്പെടുന്നു.അതില്‍ 11 പേർ 2022 ലോ അതിന് ശേഷമോ ബിജെപിയിലേക്ക് മാറിയവരാണ്. എൻസിപി, ശിവസേന, കോണ്‍ഗ്രസ് കക്ഷികളില്‍ നിന്നുള്ള നാല് വീതം പേരും പട്ടികയില്‍ ഉള്‍പ്പെടുന്നു.
2020 ഒക്ടോബറില്‍, മഹാവികാസ് അഘാടി സർക്കാരിന്റെ കാലത്ത് അജിത് പവാറിന് എതിരായ കേസ്, മുംബൈ പൊലീസിന്റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം അവസാനിപ്പിച്ചെങ്കിലും, ബിജെപി സർക്കാർ അധികാരത്തില്‍ വന്നതോടെ വീണ്ടും തുറന്നു. എന്നാല്‍, അജിത് വീണ്ടും എൻഡിഎയില്‍ ചേർന്നതോടെ, ഈ വർഷം മാർച്ചില്‍ ഫയല്‍ വീണ്ടും ക്ലോസ് ചെയ്തു. അജിതിന് എതിരായ ഇഡി കേസും അതോടെ അസാധുവായി.
പേരിന് വേണ്ടി തുറന്നുവയ്ക്കുകയും, കാര്യമായ പുരോഗതി ഇല്ലാതിരിക്കുകയും ചെയ്യുന്ന കേസുകളുണ്ട്. നാരദ സ്റ്റിങ് ഓപ്പറേഷൻ സംഭവത്തില്‍, പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസെടുക്കാൻ 2019 മുതല്‍ സിബിഐ ലോക്സഭാ സ്പീക്കറുടെ അനുമതിക്ക് കാത്തിരിക്കുകയാണ്. സംഭവം നടക്കുമ്ബോള്‍ സുവേന്ദു എംപിയായിരുന്നു. 2020 ല്‍ സുവേന്ദു ടിഎംസി വിട്ട് ബിജെപിയില്‍ ചേർന്നു.
അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയ്ക്കും, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാനും എതിരായ കേസുകളും കോള്‍ഡ് സ്റ്റോറേജിലാണ്. ശാരദ ചിറ്റ് ഫണ്ട് കേസില്‍ 2014 ല്‍ ഹിമന്ദയെ സിബിഐ ചോദ്യം ചെയ്യുകയും റെയ്ഡുകള്‍ നടത്തുകയും ചെയ്തിരുന്നു. 2015 ല്‍ ഹിമന്ദ ബിജെപിയില്‍ ചേർന്ന ശേഷം കേസിന് അനക്കമേയില്ല. അശോക് തവാൻ ഈ വർഷമാണ് ബിജെപിയില്‍ ചേർന്നത്. ആദർശ് ഭവന നിർമ്മാണ കേസിലെ സിബിഐ, ഇഡി നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
25 പേരുടെ പട്ടികയില്‍, മുൻ കോണ്‍ഗ്രസ്് എംപി ജ്യോതി മിർദ്ധയ്ക്കും, മുൻ ടിഡിപി എംപി വൈ എസ് ചൗധരിക്കും എതിരായ കേസുകളില്‍ മാത്രം ഇഡി ഇതുവരെ വിടുതല്‍ നല്‍കിയിട്ടില്ല. ഇരുനേതാക്കളും ബിജെപിയില്‍ ചേർന്നെങ്കിലും ശാപമോക്ഷമില്ല.അതേസമയം, തങ്ങളുടെ കേസന്വേഷണം തെളിവുകളെ അടിസ്ഥാനമാക്കിയെന്നാണ് സിബിഐ പറയുന്നത്. ചില കേസുകളില്‍ പല കാരണങ്ങളാല്‍ നടപടി വൈകുന്നതാണെന്നും ഏജൻസി പറയുന്നു. മറ്റ് ഏജൻസികള്‍ ഇടുന്ന എഫ്ഐആർ പ്രകാരമാണ് തങ്ങളുടെ കേസുകളെന്ന് ഇഡി പറയുന്നു. മറ്റ് ഏജൻസികള്‍ കേസുകള്‍ അവസാനിപ്പിച്ചാല്‍ ഇഡിക്ക് മുന്നോട്ട് പോകാൻ കഴിയാതാകും. എന്നിരുന്നാലും പല കേസുകളിലും കുറ്റപത്രം സമർപ്പിച്ചെന്നും, അന്വേഷണം തുടരുന്ന കേസുകളില്‍ ആവശ്യം വരുമ്ബോള്‍ നടപടിയെടുക്കും എന്നുമാണ് ഇഡിയുടെ പ്രതികരണം.
വിവിധ നേതാക്കള്‍ പാർട്ടി മാറിയത് അനുസരിച്ച് അന്വേഷണ ഏജൻസികള്‍ ദിശ മാറ്റിയതിന്റെ സമയക്രമവും ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.