ലണ്ടൻ: ഖാലിസ്ഥാൻ നേതാവ് അമൃത്പാല്‍ സിംഗിന്റെ അടുത്ത അനുയായി അവതാര്‍ സിംഗ് ഖണ്ഡ ലണ്ടനില്‍ മരണപ്പെട്ടത്തില്‍ ദുരൂഹത.
രക്താര്‍ബുദ രോഗിയായ ഇയാളെ തിങ്കളാഴ്ച വെസ്റ്റ് ബിര്‍മിംഗ്ഹാമിലെ സാൻഡ്വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് ഇന്നലെയാണ് മരിച്ചത്.
എന്നാല്‍, വിഷം ഉള്ളില്‍ ചെന്നതാണ് മരണ കാരണമെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസി വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അധികൃതര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം, അവതാറിന്റെ മരണം കൊലപാതകമാണെന്നും സംഭവം അന്വേഷിക്കണമെന്നും ഇയാളുടെ അനുകൂലികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
വിഘടനവാദ സംഘടനയായ ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെ ( കെ.എല്‍.എഫ് ) യു.കെ യൂണിറ്റിന്റെ തലവനായ അവതാറാണ് മാര്‍ച്ച് 19ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിനുനേരെ നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ആക്രമണത്തില്‍ അവതാറിന്റെയും മറ്റ് മൂന്ന് പേരുടെയും പങ്ക് എൻ.ഐ.എ തിരിച്ചറിഞ്ഞിരുന്നു.
ഹൈക്കമ്മിഷൻ കെട്ടിടത്തിലെ ദേശീയ പതാകയെ അപമാനിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രം ഇയാളാണ്. അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. പൊലീസ് നടപടിയില്‍ നിന്ന് രക്ഷപെടാൻ വാരിസ് പഞ്ചാബ് ദേ സംഘടന തലവനായ അമൃത്പാല്‍ സിംഗിനെ സഹായിച്ചവരില്‍ ഒരാള്‍ അവതാറാണ്. അമൃത്പാലിനെ സംഘടനയുടെ തലപ്പത്ത് എത്തിച്ചതും ഇയാളാണ്.
ആരാണ് അവതാര്‍ സിംഗ് ഖണ്ഡ ?
മറ്റൊരു പേര് – രണ്‍ജോത് സിംഗ്
പഞ്ചാബിലെ മോഗ ജില്ലയില്‍ ജനനം
1991ല്‍ ഇന്ത്യൻ സേനയുടെ വെടിയേറ്റ് മരിച്ച ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് തീവ്രവാദി കുല്‍വന്ത് സിംഗിന്റെ മകൻ
മാതാവും ബന്ധുക്കളും ഇതേ സംഘടനയിലെ പ്രവര്‍ത്തകര്‍
2007ല്‍ സ്റ്റുഡന്റ് വിസയില്‍ യു.കെയിലെത്തി
2012 മുതല്‍ യു.കെയില്‍ സ്ഥിര താമസം
ബോംബ് നിര്‍മ്മാണ വിദഗ്ദ്ധൻ
ലണ്ടനിലെ സിക്ക് യുവാക്കളെ ഖാലിസ്ഥാൻ വാദികളാക്കാൻ ശ്രമം. ഇവര്‍ക്ക് പരിശീലനം നല്കി
ജഗ്താര്‍ സിംഗ് താര, പരംജിത്ത് സിംഗ് പമ്മ തുടങ്ങിയ ഖാലിസ്ഥാൻ തീവ്രവാദികളുമായി അടുപ്പം
2015ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന് കൈമാറിയ, ഇന്ത്യാവിരുദ്ധരുടെ നടത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരുകള്‍ ഇയാള്‍ക്ക് രാഷ്ട്രീയ അഭയം നല്കി