കൊല്ലം: കര്‍ണാടകയിൽ ഏവിയേഷൻ കോഴ്സിന് ചേര്‍ന്ന വിദ്യാര്‍ഥികളെ വിദ്യാഭ്യാസ ഏജൻസി വഞ്ചിച്ചതായി പരാതി. ദേവാമൃത ചാരിറ്റബിൾ ട്രസ്റ്റിനെതിരെയാണ് 15 വിദ്യാര്‍ത്ഥികൾ പരാതിയുമായെത്തിയത്. ചാത്തന്നൂര്‍ പൊലീസ് അഞ്ച് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.സ്കോളര്‍ഷിപ്പോടെ മികച്ച കോളേജിൽ പഠനമെന്നായിരുന്നു വാഗ്ദാനം. ഡിഗ്രി പൂര്‍ത്തിയാക്കിയാൽ ഉടൻ ജോലിയെന്നും പറഞ്ഞു. കുന്നിക്കോട് സ്വദേശിയായ ശ്യാംകുമാറിന്റെ മോഹന വാഗ്ദാനങ്ങളിലാണ് മലയാളി വിദ്യാര്‍ഥികൾ വീണത്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ ദേവാമൃത ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാര്‍ത്ഥികളെ എത്തിച്ചത് ഡെക്കാൻ കോളേജ് എന്ന നഴ്സിങ് കോളേജിലേക്ക്. ഇവിടുത്തെ ഒരു മുറിയിലാണ് ഏവിയേഷൻ ക്ലാസ് തുടങ്ങിയത്. ഇവിടെ കോഴ്സിന് അംഗീകാരമില്ലെന്ന് മനസിലാക്കിയ വിദ്യാര്‍ഥികൾ പ്രശ്നമുണ്ടാക്കി.
ഇതോടെ കര്‍ണാടക കോളേജ് ഓഫ് മാനേജ്മെന്റ് ആന്റ് സയൻസിലേക്ക് മാറ്റി. സൗകര്യങ്ങളൊന്നുമില്ലാതെ ഹോസ്റ്റലുകളിൽ ഏജൻസി താമസിപ്പിച്ചു. മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതാനെത്തിയപ്പോൾ മാത്രമാണ് കോളേജിൽ ഇതുവരെ ഒരു രൂപ പോലും ഏജൻസി അടച്ചിട്ടില്ലെന്ന കാര്യം തിരിച്ചറിഞ്ഞതെന്ന് വിദ്യാര്‍ഥികൾ പറയുന്നു.ചതിക്കപ്പെട്ടെന്ന് മനസിലാക്കി നിൽക്കുമ്പോഴാണ് ഡൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ലോണ്‍ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥികൾക്ക് നോട്ടീസ് കിട്ടിയത്. രണ്ടര ലക്ഷം മുതൽ നാലര ലക്ഷം രൂപ വരെയാണ് വിദ്യാര്‍ഥികൾ അറിയാതെ ഏജൻസി ലോണെടുത്തത്. സ്കോളര്‍ഷിപ്പ് ശരിയാക്കിക്കൊടുക്കാമെന്ന വ്യാജേന രേഖകളും ഒപ്പുകളും ശേഖരിച്ചാണ് വിദ്യാര്‍ഥികൾ അറിയാതെ സ്ഥാപനം ലോണെടുത്തത്.
തട്ടിപ്പിനിരയായ ഓയൂർ സ്വദേശിയായ വിദ്യാര്‍ഥി നൽകിയ പരാതിയിൽ ചാത്തന്നൂർ പൊലീസ് വഞ്ചനാക്കുറ്റം അടക്കം ചുമത്തി കേസെടുത്തു. കുന്നിക്കോട് സ്വദേശി ശ്യാംകുമാർ, ലിജോജോണ്‍ തുടങ്ങീ അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസ്. ശ്യാം കുമാർ സമാന തട്ടിപ്പ് കേസിൽ നേരത്തെയും പ്രതി ആയിട്ടുള്ളയാളാണ്. അതേസമയം വിദ്യാര്‍ഥികളുടെ ആരോപണം തള്ളുകയാണ് ദേവാമൃത ചാരിറ്റബിൾ ട്രസ്റ്റ്. ലോണ്‍ തിരിച്ചടയ്ക്കുന്നത് തങ്ങളാണെന്നും വിദ്യാര്‍ഥികൾക്ക് ബാധ്യതയുണ്ടാകില്ലെന്നുമാണ് സ്ഥാപനത്തിന്റെ വിശദീകരണം. പ്രശ്നങ്ങൾ ചര്‍ച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്നും ദേവാമൃത ചാരിറ്റബിൾ ട്രസ്റ്റ് അറിയിച്ചു.