തൃശൂർ: കഴിഞ്ഞ ദിവസമാണ് അവണൂരിൽ രക്തം ഛർദ്ദിച്ച് അമ്പത്തിയേഴുകാരൻ മരിച്ച വാര്ത്ത പുറത്തുവന്നത്. അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ശേഷമായിരുന്നു അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ രക്തം ശർദ്ദിച്ച് മരിച്ചത്. ആദ്യ ഘടത്തിൽ ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നായിരുന്നു സംശയം. എന്നാൽ വിഷാംശം ഏതാണെന്ന് കണ്ടെത്താൻ പോസ്റ്റ്മോർട്ടത്തിൽ കഴിഞ്ഞില്ല.
ആന്തരിക അവയവങ്ങളുടെ സാംപിൾ പരിശോധനക്കായി ലാബുകളിലേക്ക് അയക്കുകയും ചെയ്തു. മരിച്ച ശശീന്ദ്രനൊപ്പം ഇഡ്ഡലി കഴിച്ച ഭാര്യയും അമ്മയും മറ്റ് രണ്ട് പേരും ചികിത്സയിലാണ്. അവനൂർ സ്വദേശിയായ ശശീന്ദ്രന്റെ ഉള്ളിൽ ചെന്ന വിഷാംശം ഏതെന്ന് വിശദപരിശോധനയിലേ വ്യക്തമാകൂ എന്നായിരുന്നു ഫോറൻസിക് സർജൻ പൊലീസിനെ അറിയിച്ചത്.ഇതിനിടെയാണ് സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവുണ്ടായത്. മരണം ഭക്ഷ്യവിഷബാധയല്ലെന്നും കൊലപാതകമെന്നും പൊലീസ് കണ്ടെത്തി. ആയുർവേദ ഡോക്ടറായ മകൻ ആണ് കടലക്കറിയിൽ വിഷം കലർത്തിയതെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 25 കാരനായ മയൂരനാഥൻ. ഇയാൾ വിഷം സ്വയം നിർമിക്കുകയായിരുന്നു എന്നാണ് ഇയാൾ നൽകിയിരിക്കുന്ന മൊഴി. ഓൺലൈനിൽ വിഷവസ്തുക്കൾ വരുത്തിയാണ് സ്വയം വിഷം നിർമ്മിച്ചതെന്നും അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും ഇയാൾ പറഞ്ഞു. ശശീന്ദ്രന്റെ അമ്മയും ഭാര്യയും രണ്ടു വീട്ടുപണിക്കാരും കടലിക്കറി കഴിച്ചിരുന്നു. മെഡിക്കൽ കോളജ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നേരത്തെ ആന്തരീക അവയവങ്ങളുടെ സാംപിൾ പരിശോധനക്ക് അയച്ചിരുന്നു. പതോളജി, വൈറോളജി ഫലങ്ങൾ ഒരാഴ്ചക്കുള്ളിൽ ലഭിക്കുമെങ്കിലും റീജിയണൽ കെമിക്കൽ ലബോറട്ടറി ഫലം ഒരു മാസമെടുത്തേക്കാം. പരിശോധന ഫലം ലഭിച്ച ശേഷം ഡോക്ടർമാരുടെ സംഘം ഇത് വിലയിരുത്തും. തുടർന്നേ വിഷത്തെ കുറിച്ച് അന്തിമ നിഗമനത്തിലെത്താൻ കഴിയൂ എന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.വീട്ടിൽ നിന്ന് ഇഡ്ഡലിയും ചമ്മന്തിയും കടലക്കറിയും ചായയുമാണ് ശശീന്ദ്രൻ കഴിച്ചത്. ഇതേ ഭക്ഷണം കഴിച്ച ഭാര്യ ഗീത, അമ്മ കമലാക്ഷി തെങ്ങുകയറ്റ തൊഴിലാളികളായ രാമചന്ദ്രൻ, ചന്ദ്രൻ എന്നിവരും ശശീന്ദ്രന്റെ സമാന ലക്ഷണങ്ങളോടെ ചികിത്സയിൽ തുടരുകയാണ്. മയൂരനാഥും ഇതേ വീട്ടിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. ആയുർവേദ ഡോക്ടറായ മകൻ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നുമില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് പൊലീസിന് മയൂരനാഥിലേക്കുള്ള വഴി തെളിച്ചത്.