നാഗ്പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് മറ്റന്നാള്‍ നാഗ്പൂരില്‍ തുടക്കമാകാനിരിക്കെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന്റെ സ്ഥാനത്ത് ഇഷാന് കിഷന് വരുമോ അതോ ശ്രീകര്‍ ഭരത് പ്ലേയിംഗ് ഇലവനലെത്തുമോ, മധ്യനിരയില്‍ ശുഭ്മാന്‍ ഗില്ലോ സൂര്യകുമാര്‍ യാദവോ ആരാകും അന്തിമ ഇലവനില്‍ കളിക്കുക, കെ എല്‍ രാഹുല്‍ ഓപ്പണറായി തിരിച്ചെത്തുമോ തുടങ്ങി നിരവധി ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്. ഇതിനിടെ രണ്ട് സൂപ്പര്‍ താരങ്ങളെ ഒഴിവാക്കി ആദ്യ ടെസ്റ്റിനുള്ള തന്റെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍.
ഓപ്പണര്‍മാരായി കെ എല്‍ രാഹുലിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും തന്നെയാണ് ജാഫര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ചേതേശ്വര്‍ പൂജാര, വിരാട് കോലി, ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ബാറ്റിംഗ് ഓര്‍ഡറില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വരുന്നത്. ടി20 ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള സൂര്യകുമാര്‍ യാദവിനെ ജാഫര്‍ ഒഴിവാക്കി എന്നതാണ് ശ്രദ്ധേയം. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷനും ജാഫറിന്റെ ടീമില്‍ ഇടമില്ല.