സിഡ്നി: ലോകത്തെ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ അഭിമാന നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയയിലെ മൂന്ന് യൂണിവേഴ്സിറ്റികള്‍.മെല്‍ബണ്‍, ന്യൂ സൗത്ത് വെയില്‍സ്, സിഡ്നി സര്‍വകലാശാലകളാണ് ക്യു.എസ്. വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ആദ്യ ഇരുപതു സ്ഥാനത്തിനുള്ളില്‍ ഇടം പിടിച്ചത്. ലോകമെമ്പാടുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശകലനത്തില്‍ വൈദഗ്ധ്യം നേടിയ ബ്രിട്ടീഷ് കമ്പനിയായ ക്വാക്വരെല്ലി സൈമണ്ട്സാണ് (ക്യുഎസ്) പട്ടിക തയാറാക്കിയത്.അന്താരാഷ്ട്ര തലത്തിലുള്ള ഗവേഷണത്തിനും സുസ്ഥിരതയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് മൂന്ന് ഓസ്ട്രേലിയന്‍ സര്‍വകലാശാലകളെ ഈ അംഗീകാരത്തിന് അര്‍ഹമാക്കിയത്.
മെല്‍ബണ്‍ സര്‍വ്വകലാശാല പട്ടികയില്‍ 14-ാം സ്ഥാനത്തെത്തിയപ്പോള്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയും സിഡ്നി സര്‍വകലാശാലയും 19-ാം സ്ഥാനത്തെത്തി.ആദ്യമായാണ് ഒരു ഓസ്ട്രേലിയന്‍ സര്‍വ്വകലാശാല ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തുന്നത്.ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി, മൊണാഷ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ക്വീന്‍സ്ലന്‍ഡ് എന്നിവയും യഥാക്രമം 34, 42, 43 എന്നീ സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.ഓസ്ട്രേലിയ, അമേരിക്ക, കാനഡ, യുകെ എന്നീ രാജ്യങ്ങളിലെ സര്വകശാലകളാണ് പട്ടികയിലെ ആദ്യ 300 സ്ഥാനങ്ങളില്‍ പ്രധാനമായും ഇടംപിടിച്ചത്.
ഏതു സര്‍വകലാശാലയില്‍ പഠിക്കണം എന്ന തെരഞ്ഞെടുപ്പിന് വിദ്യാര്‍ത്ഥികള്‍ ഈ നേട്ടങ്ങള്‍ പരിഗണിക്കും. സ്ഥാപനത്തിന് ഇത്രയും ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് മെല്‍ബണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡങ്കന്‍ മാസ്കെല്‍ പറഞ്ഞു.ഓസ്ട്രേലിയന്‍ സര്‍വ്വകലാശാലകള്‍ ലോകത്തിലെ ഏറ്റവും മികച്ചവയാണെന്നതിന്റെ അംഗീകാരമാണ് ക്യുഎസ് റാങ്കിങ്ങിലെ ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1,500 സര്‍വകലാശാലകളിലെ 240,000 അക്കാദമിക് വിദഗ്ധരില്‍ നിന്നും തൊഴിലുടമകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചും ദശലക്ഷക്കണക്കിന് അക്കാദമിക് പേപ്പറുകള്‍ വിലയിരുത്തിയുമാണ് പട്ടിക തയാറാക്കിയത്.
ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് (ഐഐടി-ബി) ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി പട്ടികയില്‍ ഇടം പിടിച്ചത്. ആഗോളതലത്തില്‍ 149-ാം സ്ഥാനത്താണ് ഐഐടി-ബി.
അമേരിക്കയിലെ മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്.യുകെയിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമാണ് തൊട്ടുപിന്നിലുള്ളത്.സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി ആദ്യ 10 പത്ത് സ്ഥാനങ്ങളില്‍ ഇടം നേടുന്ന ആദ്യത്തെ ഏഷ്യന്‍ സര്‍വകലാശാലയായി.