കാൻബറ: പതിനാറ് വയസിൽ താഴെയുള്ള കുട്ടികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുന്ന ബിൽ ഓസ്ട്രേലിയൻ സെനറ്റും പാസാക്കി. 19നെതിരേ 34 വോട്ടുകൾക്കാണ് സെനറ്റ് ബിൽ പാസാക്കിയത്. വൈകാതെ തന്നെ ഈ ബിൽ നിയമമാകും. ലോകത്ത് തന്നെ ആദ്യമായാണ് ഒരു രാജ്യം 15 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നത്.
ബുധനാഴ്ചയാണ് ഓസ്ട്രേലിയൻ പാർലമെൻ്റിൻ്റെ അധോസഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് ബിൽ പാസാക്കിയത്. വ്യാഴാഴ്ചയാണ് ഉപരിസഭയായ സെനറ്റിൽ ബിൽ പാസായത്. കുട്ടികളിലെ സമൂഹ മാധ്യമങ്ങളുടെ അമിതമായ ഉപയോഗം രക്ഷിതാക്കളുടെ വലിയ ആശങ്കകളിൽ ഒന്നാണ്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ നീക്കത്തിന് ഏറ്റവും വലിയ പിന്തുണ ലഭിച്ചത് രക്ഷിതാക്കളിൽ നിന്നാണ്.
ടിക് ടോക്ക്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്സ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് അക്കൗണ്ടുകൾ പാടില്ലെന്ന് നിയമ ഭേദഗതി വ്യക്തമാക്കുന്നു. കുട്ടികൾ സോഷ്യൽ മീഡിയ സേവനങ്ങൾ കൈകാര്യം ചെയ്യുന്നത് തടയുന്നതിന് ടെക് കമ്പനികൾ തന്നെ സുരക്ഷാ നടപടികൾ കൈക്കൊള്ളണം. കുട്ടികൾ അക്കൗണ്ടുകൾ കൈവശം വയ്ക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ടാൽ 50 മില്ല്യൺ ഓസ്ട്രേലിയൻ ഡോളർ (27.88 കോടി രൂപ) പിഴയൊടുക്കണം.
ബുധനാഴ്ച ജനപ്രതിനിധി സഭ 13നെതിരേ 102 വോട്ടുകൾക്ക് ബിൽ പാസാക്കിയിരുന്നു. സെനറ്റിൽ പ്രതിപക്ഷം മുന്നോട്ട് വെച്ച ഭേദഗതികൾ സഭ ഇതുവരെയും അംഗീകരിച്ചിട്ടില്ല. എന്നാൽ നിയമം പാസാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
പിഴ ചുമത്തുന്നതിന് മുമ്പ് നിരോധനം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഒരു വർഷം സമയം അനുവദിക്കും. വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച സംരക്ഷണം ശക്തിപ്പെടുത്തുന്നതാണ് ഭേദഗതികൾ. പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുള്ള സർക്കാർ നൽകുന്ന തിരിച്ചറിയൽ രേഖകൾ നൽകാൻ ഉപയോക്താക്കളെ നിർബന്ധിക്കാൻ പ്ലാറ്റ്ഫോമുകളെ അനുവദിക്കുകയില്ല.
കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുമ്പോൾ 16 വയസിന് മുകളിൽ പ്രായമുള്ളവരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ കൈമാറേണ്ടി വരും. ഇത് ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് നിയമനിർമാണത്തെ വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം നിയമത്തിൽ വാട്സ് ആപ്പിനും യൂട്യൂബിനും ഇളവനുവദിച്ചേക്കാമെന്നാണ് വിവരം. പഠനകാര്യങ്ങൾക്ക് ഇവ രണ്ടും ഇപ്പോൾ സർവസാധാരണമായി ഉപയോഗിക്കുന്നത് കണക്കിലെടുത്താണ് ഇളവനുവദിച്ചേക്കുക. അതേസമയം ഓസ്ട്രേലിയയിൽ നിയമം എങ്ങനെ നടപ്പാക്കുന്നു എന്നറിയാൻ മറ്റ് രാജ്യങ്ങൾക്കും താത്പര്യമുണ്ട്. മിക്ക രാജ്യങ്ങളിലും പ്രായപൂർത്തി ആകാത്തവർ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടക്കുന്നുണ്ട്
ഈ നിയമനിർമാണത്തിൻ്റെ ലക്ഷ്യം ലളിതമാണെന്ന് പ്രതിപക്ഷ സെനറ്റർ മരിയ കൊവാസിക് പറഞ്ഞു.പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളെ തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനും സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ ന്യായമായ നടപടികൾ കൈക്കൊള്ളണമെന്ന് നിയമം ആവശ്യപ്പെടുന്നു. ഈ കമ്പനികൾ വളരെക്കാലം മുമ്പ് നിറവേറ്റേണ്ട ഒരു ഉത്തരവാദിത്വമാണിത്. എന്നാൽ, ലാഭം പ്രതീക്ഷിച്ച് അവർ ഈ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിരിക്കുകയായിരുന്നു’ – അവർ കൂട്ടിച്ചേർത്തു.
ഓൺലൈൻ സുരക്ഷയ്ക്ക് വേണ്ടി വാദിക്കുന്ന സോന്യ റയാൻ ബിൽ പാസാക്കിയതിനെ അഭിനന്ദിച്ചു. റയാന്റെ 15 വയസുള്ള മകൾ കാർലിയെ 50 വയസുള്ള ഒരാൾ കൊലപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ കൗമാരക്കാരിയെന്ന് പരിചയപ്പെടുത്തിയ ആളാണ് കൊലപാതകം നടത്തിയത്. ‘എൻ്റെ മകൾ കാർലിക്കും ഓസ്ട്രേലിയയിൽ ഓൺലൈൻ ചൂഷണം മൂലം ദുരിതം അനുഭവിച്ചവർക്കും ജീവൻ നഷ്ടപ്പെട്ടവർക്കും മറ്റ് നിരവധി കുട്ടികൾക്കും വേണ്ടി ഈ നിയമത്തെ ഒരുമിച്ച് നിന്ന് സ്വീകരിക്കാമെന്ന് അവർ വാർത്താ എജൻസിയായ അസോസിയേറ്റഡ് പ്രസിനോട് പ്രതികരിച്ചു. കുട്ടികളെ ഓൺലൈനിലെ ഭയാനകമായ ഉപദ്രവങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള അവിസ്മരണീയമായ നിമിഷം എന്നാണ് സെനറ്റിലെ വോട്ടെടുപ്പിനെ അവർ വിശേഷിപ്പിച്ചത്.
കുട്ടികൾക്ക് നാമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയ ബില്ലിനെ പ്രശംസിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസി.കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന കൊടുക്കുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ഉത്തരവാദിത്വം ഉണ്ടെന്നും കുട്ടികളിൽ ഇതിൻ്റെ ദോഷഫലങ്ങളുടെ സ്വാധീനം കുറയ്ക്കാനാകുമെന്നും അൽബനീസി പറയുന്നു. ‘ ഇത് ശരിയായ തീരുമാനമാണെന്ന് ഉത്തമമായ ബോധ്യമുണ്ട്. ഈ നിയമം നടപ്പാക്കുന്നതിന് വേണ്ടി ഞങ്ങൾക്ക് വലിയ രീതിയിൽ പിന്തുണ ലഭിച്ചു. പ്രത്യേകിച്ച് മാതാപിതാക്കളിൽ നിന്ന്. കുട്ടികളുടെ സുരക്ഷയ്ക്കാണ് നിയമം മുൻഗണന കൊടുക്കുന്നതെന്നും’ അദ്ദേഹം പറഞ്ഞു.
ഭരണ-പ്രതിപക്ഷ പിന്തുണയോടെയാണ് പാർലമെൻ്റിൻ്റെ ഇരുസഭകളിലും ബിൽ പാസാക്കിയത്.