കാൻബെറ: ബോട്ട് തകരാറിലായതിനെ തുടര്‍ന്ന് രണ്ട് മാസത്തിലേറെ വടക്കൻ പസഫിക് സമുദ്രത്തിന് നടുവില്‍ ഒറ്റപ്പെട്ട് പോയ ഓസ്ട്രേലിയൻ സ്വദേശി ടിം ഷാഡോക്കിന്റെയും (51) വളര്‍ത്തുനായ ബെല്ലയുടെയും ആരോഗ്യം മെച്ചപ്പെട്ടുവരുന്നു.കഴിഞ്ഞാഴ്ചയാണ് ഒരു മെക്സിക്കൻ മത്സ്യബന്ധന ബോട്ട് ഇവരെ രക്ഷിച്ചത്.
ബോട്ടിലെ ക്യാപ്റ്റൻ വഴി ടിം ഓസ്ട്രേലിയയിലുള്ള തന്റെ അമ്മ ജാൻ ഷാഡോക്കിന് കഴിഞ്ഞ ദിവസം ശബ്ദ സന്ദേശം കൈമാറി. താൻ സുരക്ഷിതനാണെന്നും സന്തോഷവാനാണെന്നും ടിം അമ്മയെ അറിയിച്ചു. ടിമ്മിന്റെ വരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ജാൻ. ടിമ്മിനെയും ബെല്ലയേയും ഓസ്ട്രേലിയയില്‍ എത്തിക്കാനുള്ള നടപടികള്‍ മെക്സിക്കൻ അധികൃതര്‍ ആരംഭിച്ചു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ഫ്രഞ്ച് പോളിനേഷ്യ സന്ദര്‍ശിക്കാൻ 6,000 കിലോമീറ്റര്‍ അകലെയുള്ള മെക്സിക്കോയിലെ ലാ പാസില്‍ നിന്ന് ബെല്ലയെ കൂട്ടി ചെറുബോട്ടില്‍ പുറപ്പെട്ടതായിരുന്നു ടിം. ആഴ്ചയ്ക്കുള്ളിലുണ്ടായ കൊടുങ്കാറ്റില്‍ ടിമ്മിന്റെ ബോട്ടിലെ വൈദ്യുതി ഉപകരണങ്ങള്‍ നശിച്ചു. ഇതോടെ കരയുമായി ആശയവിനിമയം നിലച്ചു. പച്ച മീനും മഴവെള്ളവും കൊണ്ടാണ് ടിമ്മും ബെല്ലയും ജീവൻ നിലനിറുത്തിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച, മെക്സിക്കോയിലെ ഒരു വൻകിട ഫിഷറീസ് കമ്ബനിയുടെ മത്സ്യബന്ധന ബോട്ടിനെ അനുഗമിച്ചെത്തിയ ഹെലികോപ്ടര്‍ ലക്ഷ്യമില്ലാതെ ഒഴുകുന്ന ടിമ്മിന്റെ ബോട്ട് കണ്ടെത്തി. തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്നവര്‍ ടിമ്മിനേയും ബെല്ലയേയും രക്ഷപ്പെടുത്തി.
കമ്ബനി തന്നെയാണ് ബോട്ടില്‍ ടിമ്മിന് അടിയന്തര വൈദ്യസഹായമടക്കമുള്ള സൗകര്യങ്ങള്‍ എത്തിച്ചുനല്‍കിയത്. അതേ സമയം,ടിമ്മുമായി കടലില്‍ തുടരുന്ന ബോട്ട് മാൻസാനില്ലോ തുറമുഖത്തേക്ക് ഇന്ന് അടുപ്പിക്കും.