സോഷ്യൽ മീഡിയയിലെ ലൈക്കിനും ഷെയറിനും ഫോളോവേഴ്സിനും വേണ്ടി എന്ത് പരാക്രമം കാണിക്കാനും എത്രമാത്രം അപകടം വരുത്തുന്ന കാര്യങ്ങൾ ചെയ്യാനും പല ഇൻഫ്ലുവൻസർമാരും മടിക്കാറില്ല. എന്തിനിത് ചെയ്യുന്നു എന്ന് ആരെക്കൊണ്ടും ചോദിപ്പിക്കുന്ന അനേകം പ്രകടനങ്ങൾ നമുക്ക് ഇതുപോലെ സോഷ്യൽ മീഡിയയിൽ കാണാം.
അത്തരത്തിലുള്ള ഒരു പ്രകടനത്തെ തുടർന്ന് ഒരു യുവാവിനെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നു. അതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ലിൽ ഗോലോ എന്ന കണ്ടന്റ് ക്രിയേറ്ററാണ് അപകടകരമായ പ്രകടനത്തിനൊടുവിൽ ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥയിൽ എത്തിയത്. ഓസ്ട്രേലിയയിൽ നിന്നുള്ള ഈ യുവാവ് ചെയ്തത് എന്താണ് എന്ന് അറിയണ്ടേ? നിരവധി ടേപ്പുകൾ വലിച്ചൊട്ടിച്ച ശേഷം അതിനുനേരെ ഓടി അത് തകർത്ത് അപ്പുറം കടന്നു. ഇങ്ങനെ പലവട്ടം ചെയ്ത ഇയാൾ ഒടുവിൽ ആത്മവിശ്വാസം കൂടിക്കൂടി ഒരാൾക്ക് താങ്ങാവുന്നതിലും അധികം ടേപ്പുകൾ ചേർത്തൊട്ടിച്ച ശേഷം ഓടി വന്ന് അത് തകർക്കാൻ ശ്രമിക്കുകയായിരുന്നു.
ഇയാൾ ആദ്യം കുറച്ചുമാത്രം ടേപ്പുകൾ ഒട്ടിച്ച് അത് തകർത്തുകൊണ്ട് ഓടുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ അത് മാറി ടേപ്പുകളുടെ എണ്ണം കൂടി. ഒടുവിൽ, 34000 രൂപയുടെ ടേപ്പുകൾ വാങ്ങി അത് ചേർത്തൊട്ടിച്ചായി പരീക്ഷണം. അത് തകർക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല. അധികം വൈകാതെ ഇയാൾ നിലത്ത് വീഴുകയും ചെയ്തു. വീണിടത്ത് കിടക്കുന്ന ഇയാൾ വിറയ്ക്കുന്നതും, വായിൽ നിന്നും നുരയും പതയും വരുന്നതും വീഡിയോയിൽ കാണാം.
https://www.instagram.com/reel/DF1gWidP03O/?utm_source=ig_embed&utm_campaign=loading ഒടുവിൽ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. മിക്കവരും ഇയാളെ പരിഹസിക്കുകയാണ് ചെയ്തത്. എന്തൊരു വിഡ്ഢിത്തമാണ് ഇയാൾ ചെയ്യുന്നത് എന്നാണ് പലരും ചോദിച്ചത്.