കാൻബറ: പതിനാറ് വയസിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്ന് വിലക്കുന്ന ബിൽ ഓസ്ട്രേലിയയുടെ ജനപ്രതിനിധി സഭ പാസാക്കി. ടിക് ടോക്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്സ്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾക്കാണ് കുട്ടികൾ ഉപയോഗിക്കുന്നതിൽ നിന്ന് നിരോധനമേർപ്പെടുത്തിയത്. 13നെതിരെ 102 വോട്ടുകൾക്കാണ് ബിൽ കഴിഞ്ഞ ദിവസം പാസായത്.നേരത്തേ ഇതു സംബന്ധിച്ച ചർച്ചകൾ രാജ്യത്ത് സജീവമായിരുന്നു. നിയമലംഘനത്തിന് 50 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ പിഴ ചുമത്തുന്ന ബില്ലിനെ പ്രധാന പാർട്ടികൾ പിന്തുണച്ചു. സെനറ്റ് ബിൽ വിശദമായി പിന്നീട് ചർച്ച ചെയ്യുമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി മിഷെൽ റോളണ്ട് പറഞ്ഞു.ഈ ആഴ്ച ബിൽ നിയമാകുകയാണെങ്കിൽ, പിഴകൾ ഈടാക്കുന്നതിന് മുമ്പ് പ്രായ നിയന്ത്രണങ്ങൾ നടപ്പാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഒരു വർഷം സമയം അനുവദിക്കും. അതിനു ശേഷം ചെറിയ കുട്ടികൾ അക്കൗണ്ടുകൾ തുറക്കുന്നത് തടഞ്ഞില്ലെങ്കിൽ ഈ പ്ലാറ്റ്ഫോമുകൾക്ക് നിയമനടപടിയും പിഴയും നേരിടേണ്ടിവരും.
അതേസമയം, വിഷയം സംബന്ധിച്ച പഠനത്തിൻ്റെ ഫലം പുറത്തുവരുന്നതുവരെ വോട്ടെടുപ്പ് വൈകിപ്പിക്കണമെന്ന് ടെക് കമ്പനികൾ ഓസ്ട്രേലിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.സ്വകാര്യത പരിരക്ഷ വർധിപ്പിക്കുന്ന സെനറ്റിലെ ഭേദഗതികൾ അംഗീകരിക്കാൻ സർക്കാർ സമ്മതിച്ചതായി പ്രതിപക്ഷ നിയമസഭാംഗം ഡാൻ തെഹാൻ പാർലമെന്റിൽ അറിയിച്ചു. പാസ്പോർട്ടുകളോ, ഡ്രൈവിംഗ് ലൈസൻസുകളോ ഉൾപ്പെടെ സർക്കാർ നൽകുന്ന തിരിച്ചറിയൽ രേഖകൾ നൽകാൻ ഉപയോക്താക്കളെ നിർബന്ധിക്കാൻ പ്ലാറ്റ്ഫോമുകളെ അനുവദിക്കില്ല.
ബില്ലിനെതിരെ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. നിരോധനം കുട്ടികളെ ഒറ്റപ്പെടുത്തുമെന്നും സോഷ്യൽ മീഡിയയുടെ പോസിറ്റീവ് വശങ്ങൾ നഷ്ടപ്പെടുത്തുമെന്നും അവരെ ഡാർക്ക് വെബിലേക്ക് നയിക്കുമെന്നും വിമർശകർ വാദിക്കുന്നുണ്ട്.
ബില്ലിന് കൗമാരക്കാരുടെ മാതാപിതാക്കളിൽനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ലൈംഗിക ചൂഷണത്തിന് ഇരയായി ആത്മഹത്യ ചെയ്ത കൗമാരക്കാരൻ്റെ പിതാവ് നിരോധനത്തെ സ്വാഗതം ചെയ്തു. മെൽബൺ നിവാസിയായ വെയ്ൻ ഹോൾഡ്സ്വർത്തിൻ്റെ 17 വയസുള്ള മകൻ മാക് കഴിഞ്ഞ വർഷമാണ് ഓൺലൈൻ സെക്സ്റ്റോർഷൻ ചൂഷണത്തിന് ഇരയായി ആത്മഹത്യ ചെയ്തത്. നഗ്ന ചിത്രങ്ങൾ ഉപയോഗിച്ച് പണത്തിനോ ലൈംഗികാവശ്യങ്ങൾക്കോ വേണ്ടി ഭീഷണിപ്പെടുത്തുന്ന കുറ്റകൃത്യങ്ങളെയാണ് “സെക്സ്റ്റോർഷൻ ” എന്ന് പറയുന്നത്, ബില്ലിനെ ‘നമ്മുടെ കുട്ടികളുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതം’ എന്നാണ് അഭിഭാഷകനായ വെയ്ൻ വിശേഷിപ്പിച്ചത്. മകൻ്റെ മരണശേഷം ഏറെ ദുഃഖിതനായ പിതാവ് തൻ്റെ ദുരന്തകഥ 20 ഓളം സ്കൂളുകളിൽ എത്തി പങ്കുവെച്ചിരുന്നു.
അതേസയം, കുട്ടികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് പൂർണമായും വിലക്കാനുള്ള നടപടികൾ വൈകിപ്പിക്കണം എന്ന് ഓസ്ട്രേലിയൻ സർക്കാരിനോട് ഗൂഗിളും ഫേസ്ബുക്കും ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ ഉപയോഗം വിലക്കുന്നത് സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് വിലയിരുത്താൻ കൂടുതൽ സമയം കമ്പനികൾക്ക് ആവശ്യമാണ് എന്നതാണ് ഗൂഗിളും ഫേസ്ബുക്കും ഓസ്ട്രേലിയൻ സർക്കാരിന് മുന്നിൽ ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചതെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.ഈ നിയമനിർമ്മാണം എല്ലാ ഓസ്ട്രേലിയക്കാരുടെയും ഇൻ്റർനെറ്റ് സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള പിൻവാതിൽ നടപടിയാണെന്ന് എക്സ്’ ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് കുറ്റപ്പെടുത്തിയിരുന്നു. മസ്ക്കിന്റെ ആരോപണത്തെ ഫെഡറർ സർക്കാർ തള്ളിക്കളഞ്ഞു.