മെൽബൺ: തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഓസ്ട്രേലിയ. അടുത്ത മൂന്ന് വർഷം ഓസ്ട്രേലിയയുടെ ഭരണചക്രം ആര് തിരിക്കുമെന്ന് അറിയാനുള്ള ഫെഡറൽ തിരഞ്ഞെടുപ്പ് മെയ് 17 ന് മുന്നോടിയായി നടക്കും. പ്രധാനമന്ത്രി ആന്റണി ആൽബനിസിൻ്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടനും അനൗദ്യോഗിക ഇലക്ഷൻ പ്രചാരണം ആരംഭിച്ചു. വിക്ടോറിയയിലാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ആഗോള തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച ബാക്ക് ഓൺ ട്രാക്ക് എന്ന മുദ്രാവാക്യം പ്രചരണത്തിലെ പ്രസംഗത്തിനിടെ പരാമർശിച്ചു.
ജീവിത ചെലവ്, ആണവോർജ്ജം, ചെറുകിട ബിസിനസുകൾ എന്നിവയിൽ ഊന്നിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. പണപ്പെരുപ്പം, ജീവിത ചെലവേറൽ എന്നീ വിഷയങ്ങളിൽ പ്രതിപക്ഷ നേതാവ് ലേബർ പാർട്ടിയെ കുറ്റപ്പെടുത്തി. ലേബർ പാർട്ടി മൂലം ജീവിത ചെലവ് വർധിച്ചെന്നും ഓസ്ട്രേലിയൻ കുടുംബങ്ങൾക്കൊന്നും പ്രതീക്ഷയില്ലെന്നും അദേഹം പറഞ്ഞു.
അതേസമയം പണപ്പെരുപ്പത്തേയും സമ്പദ് വ്യവസ്ഥയേയും സർക്കാർ തെറ്റായി കൈകാര്യം ചെയ്തെന്ന പ്രതിപക്ഷ ആരോപണം ലേബർ പാർട്ടി തള്ളികളഞ്ഞു. ലേബർ പാർട്ടി ഓസ്ട്രേലിയയെ ശരിയായ ദിശയിൽ കൊണ്ടുപോകുകയാണെന്നും പീറ്റർ ഡട്ടൻ്റെ നേതൃത്വം ഒന്നിനും പരിഹാരമല്ല കണ്ടെത്തുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.