സിഡ്നി: മണിപ്പൂരിൽ മാസങ്ങളായി നീണ്ടു നിൽക്കുന്ന കലാപത്തെ അപലപിച്ച് പ്രമുഖ ക്രിസ്ത്യൻ സംഘടനയായ ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ. മണിപ്പൂരിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ അഗാധമായ ആശങ്കയും ഉത്കണ്ഠയും ഉണ്ട്. ദുരിതബാധിതരായ വ്യക്തികളോടും സമൂഹത്തോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നെന്ന് സംഘടന അറിയിച്ചു.
സമാധാനം, ഐക്യം, വൈവിധ്യങ്ങളോടുള്ള ആദരവ് എന്നിവ പ്രോത്സാഹിപ്പിക്കണം. മത വിശ്വാസങ്ങൾ സ്വതന്ത്രമായും ഭയമില്ലാതെയും ആചരിക്കാനുള്ള എല്ലാ വ്യക്തികളുടെയും അവകാശങ്ങളെ വിലമതിക്കുന്നു. മണിപ്പൂരിലെ സമീപകാല ആക്രമണങ്ങൾ ഈ മൗലികാവകാശങ്ങളുടെ ലംഘനം മാത്രമല്ല, അതിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ്. ഏതൊരു സമൂഹത്തിന്റെയും പുരോഗതിക്കും ക്ഷേമത്തിനും നിർണായകമായ സമത്വം, സഹിഷ്ണുത,സാമൂഹിക ഐക്യം എന്നിവ ആവശ്യമാണ്.
നിരവധി ആളുകൾക്ക് ജീവനടക്കം നഷ്ടപ്പെട്ട കലാപത്തിൽ മണിപ്പൂരിലെ അധികാരികളോടും ഇന്ത്യൻ സർക്കാരിനോടും ഉടൻ നടപടിയെടുക്കാൻ സംഘടന ആവശ്യപ്പെട്ടു. മേഖലയിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി ഉടൻ ഉണ്ടാകണം. മതേതര സ്നേഹം, ധാരണ, പരസ്പര ബഹുമാനം എന്നിവ പ്രോത്സാഹിക്കപ്പെടണം.
സമാധാനവും ഐക്യവും പുലരാനായി മതനേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ വിഷയത്തിൽ സജീവമായി ഇടപെടണം. ഐക്യത്തിന്റെയും ഉൾക്കൊള്ളലിന്റെയും അന്തരീക്ഷം മണിപ്പൂരിൽ ആവശ്യമാണെന്നും അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ സംഘടനകളും ഇതിനായി പ്രവർത്തിക്കണമെന്നും എസിസി അഭ്യർത്ഥിച്ചു.
ഇത്തരം അക്രമങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ വ്യക്തികൾ ശബ്ദമുയർത്തണം. ഈ ആക്രമണങ്ങളെ അപലപിക്കുകയും മണിപ്പൂരിലെ മത ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി വാദിക്കുകയും ചെയ്യുന്നതിനപ്പുറം സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്താൻ പ്രതിജ്ഞാബദ്ധമായ ഒരു ക്രിസ്ത്യൻ സംഘടന എന്ന നിലയിൽ തങ്ങളുടെ പ്രവർത്തനം ഇനിയും തുടരുമെന്നും സംഘടന അറിയിച്ചു.