ബിർമിംഗ്ഹാം: ആവേശംനിറഞ്ഞ ഒന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ. ഇംഗ്ലണ്ട് ഉയർത്തിയ 281 റണ്‍സ് എന്ന ലക്ഷ്യം ഓസ്ട്രേലിയ 92.3 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ഉസ്മാൻ ഖ്വാജയും വാലറ്റത്ത് നഥാൻ ലിയോണിനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും നടത്തിയ പോരാട്ടമാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്.
സ്കോർ: ഇംഗ്ലണ്ട് 393/8 ഡിക്ലയേർഡ്, 273. ഓസ്ട്രേലിയ 386, 282/8.
മഴയെത്തുടർന്ന് അഞ്ചാം ദിനത്തിലെ ആദ്യ സെഷൻ പൂർണമായി നഷ്ടപ്പെട്ടിരുന്നു. രണ്ടാം സെഷനിൽ ബാറ്റിംഗ് തുടങ്ങിയപ്പോൾ തന്നെ ബോളണ്ട് (20) പുറത്തായി. 16 റൺസെടുത്ത ട്രാവിസ് ഹെഡും മടങ്ങി.
പിന്നീട് ക്രീസിലെത്തിയ കാമറൂൺ ഗ്രീനുമായി ഖ്വാജ ഓസീസിനെ ലക്ഷ്യത്തിൽ എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ഒലി റോബിൻസൺ നിർണായക ബ്രേക്ക് ത്രൂ നൽകി. ഗ്രീൻ (28) പുറത്ത്.
ടീം സ്കോർ 209ൽ നിൽക്കെ ഖ്വാജയെ (65) ക്ലീൻ ബൗൾഡാക്കി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മത്സരം ഇംഗ്ലണ്ടിന്റെ വരുതിയിലാക്കി. 20 റൺസെടുത്ത അലക്സ് ക്യാരിയും പുറത്താതോടെ ഓസീസ് എട്ടിന് 227 റൺസെന്ന നിലയിലെത്തി. രണ്ടു വിക്കറ്റ് ബാക്കിനിൽക്കെ 55 റൺസ് വേണം വിജയത്തിന്.
ഇംഗ്ലണ്ടിന്റെ ഭീഷണികളെ ചെറുത്ത് കമ്മിൻസും ലിയോണും ടീമിനെ വിജയത്തിലെത്തിച്ചു. കമ്മിൻസ് 44 റൺസുമായും ലിയോൺ 16 റൺസെടുത്തും പുറത്താകാതെ നിന്നു. സ്റ്റുവർട്ട് ബ്രോഡ് മൂന്നും ഒലി റോബിൻസൺ രണ്ടും വിക്കറ്റ് വീഴ്ത്തി.