സിഡ്നി: രാജ്യത്ത് നിലവിലുള്ള വീടുകൾ വാങ്ങുന്നതിൽ നിന്നും വിദേശികൾക്ക് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ഓസ്ട്രേലിയൻ സർക്കാർ. ജോലിക്കോ പഠനത്തിനോ വേണ്ടി ഓസ്ട്രേലിയയിൽ താൽക്കാലികമായി താമസിക്കുന്ന ഇന്ത്യക്കാരടക്കമുള്ള ആളുകളെ പുതിയ നീക്കം ബാധിക്കും.
ഏപ്രിൽ ഒന്ന് മുതൽ 2027 മാർച്ച് 31 വരെ വിദേശ നിക്ഷേപകർക്ക് നിലവിലുള്ള വീടുകൾ വാങ്ങുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തുമെന്ന് ഓസ്ട്രേലിയയുടെ ഭവന മന്ത്രി ക്ലെയർ ഒനീൽ പ്രഖ്യാപിച്ചു. സമയപരിധി കഴിയുമ്പോൾ നിയന്ത്രണം നീട്ടണമോ എന്ന് തീരുമാനിക്കാൻ അത് പുനപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭവന നിർമാണത്തിനായി വികസിപ്പിക്കാൻ കഴിയുന്ന ഭൂമി പൂഴ്ത്തിവയ്ക്കുന്ന വിദേശ നിക്ഷേപകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. മെയ് മാസത്തിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുതിച്ചുയരുന്ന വീടുകളുടെ വിലക്കയറ്റം നേരിടുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ജീവിതച്ചെലവ് കൂടുന്നതിനിടെ ഒരിക്കലും വീട് വാങ്ങാൻ കഴിയില്ലെന്ന് ഭയപ്പെടുന്ന യുവ വോട്ടർമാർക്കിടയിൽ തീരുമാനം നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2022-23 കാലയളവിൽ വിദേശ ഉടമസ്ഥാവകാശമുള്ള 4.9 ബില്യൺ ഡോളറിൻ്റെ 5360 റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വാങ്ങലുകൾ നടന്നതായി ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസ് ഡാറ്റ കാണിക്കുന്നു. ഇതിൽ 34 ശതമാനം നിലവിലുള്ള വീടുകൾക്കായിരുന്നു.