കാൻബറ: സുരക്ഷാ ഭീഷണിയെതുടർന്ന് ഓസ്ട്രേലിയയിലെ ഫെഡറൽ സർക്കാർ ജീവനക്കാരുടെ ഉപകരണങ്ങളിൽ നിന്ന് ചൈനീസ് സോഷ്യൽ മീഡിയ ആപ്പ് ടിക്ടോക് നിരോധിക്കുമെന്ന് റിപ്പോർട്ട്. ടിക്ടോക് സൃഷ്ടിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് ആഭ്യന്തര വകുപ്പിന്റെ അവലോകനത്തെ തുടർന്നാണ് പ്രധാനമന്ത്രി ആന്റണി അൽബനീസി നിർദ്ദേശം നൽകിയതെന്ന് ‘ദ ഓസ്ട്രേലിയൻ’ പത്രം റിപ്പോർട്ട് ചെയ്തു. നിരോധനാജ്ഞ സംബന്ധിച്ച പ്രഖ്യാപനം ചൊവ്വാഴ്ച തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്.രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും ഉപയോഗിക്കാനായി ഫെഡറൽ സർക്കാർ നൽകുന്ന മൊബൈൽ ഫോണുകൾക്കും മറ്റ് ഉപകരണങ്ങൾക്കും നിരോധനം ബാധകമായിരിക്കും.
സംസ്ഥാന, ടെറിട്ടറി സർക്കാരുകൾക്കും ഫെഡറൽ സർക്കാരിന്റെ നിരോധനത്തെക്കുറിച്ച് തിങ്കളാഴ്ച അറിയിപ്പ് ലഭിച്ചു. അവിടങ്ങളിലെ ഉദ്യോഗസ്ഥർക്കും സമാനമായ നിയമങ്ങൾ ഏർപ്പെടുത്തുമെന്നാണു സൂചന.അമേരിക്ക, കാനഡ, യൂറോപ്യൻ യൂണിയൻ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ സർക്കാർ ജീവനക്കാർക്ക് നൽകിയ ഉപകരണങ്ങളിൽനിന്ന് ടിക് ടോക് നീക്കം ചെയ്തിരുന്നു. സൈബർ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഈ രാജ്യങ്ങളും ആപ്പ് നീക്കം ചെയ്യാൻ ഉത്തരവിട്ടത്.ടിക് ടോക് ഉപഭോക്തൃ ഡാറ്റ ചൈനീസ് സർക്കാരിന്റെ കൈകളിൽ എത്തുമെന്ന കാരണത്താലാണ് ആപ്പിന് നിരോധനം ഏർപ്പെടുത്തിയത്. ടിക് ടോക് ഉയർത്തുന്ന ദേശീയ സുരക്ഷാ പ്രശ്നങ്ങളിൽ ഓസ്ട്രേലിയൻ സർക്കാർ ഇടപെടണമെന്നും നിരോധനം ഏർപ്പെടുത്തുന്നതിൽ മറ്റ് രാജ്യങ്ങളെ പിന്തുടരണമെന്നും ഫെഡറൽ പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ടിക് ടോക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ കൈമാറാൻ ടിക് ടോക്കിനെയും മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിനെയും ചൈനീസ് സർക്കാർ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.യുവാക്കൾക്കിടയിൽ വളരെ ജനപ്രിയമായ ടിക് ടോക് ലോകത്തിലെ ഏറ്റവും വിജയകരമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നാണ്. അമേരിക്കയിൽ മാത്രം 100 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്. അതേസമയം, സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന ആരോപണങ്ങൾ ടിക് ടോക് തുടർച്ചയായി നിഷേധിച്ചുവരികയാണ്.