സിഡ്നി: ഓസ്ട്രേലിയയിലെ ജനപ്രിയ കാർ ബ്രാൻഡുകൾ ഉപഭോക്താക്കളുടെ ഡാറ്റ ചോർത്തുകയും അത് വിൽക്കുകയും ചെയ്യുന്നുവെന്ന ഗുരുതര കണ്ടെത്തലുമായി കൺസ്യൂമർ അഡ്വക്കസി ഗ്രൂപ്പായ ചോയ്സ്.
ഹ്യൂണ്ടായ്, കിയ എന്നീ കമ്പനികളാണ് തങ്ങളുടെ കാറുകൾക്കുള്ളിൽ നിന്ന് വോയ്സ് റെക്കഗ്നിഷൻ ഡാറ്റ ഉൾപ്പെടെ ശേഖരിച്ച് അത് ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്വെയർ പരിശീലന കമ്പനിക്ക് വിൽക്കുന്നതായി കണ്ടെത്തിയത്. ചോയ്സിന്റെ പഠന റിപ്പോർട്ട് ഓസ്ട്രേലിയൻ മാധ്യമമായ എ.ബി.സി ന്യൂസാണ് പുറത്തുവിട്ടിരിക്കുന്നത്.
ഓസ്ട്രേലിയയിലെ 10 കാർ ബ്രാൻഡുകളായ ടൊയോട്ട, ഫോർഡ്, എംജി, മസ്ദ, കിയ, ഹ്യൂണ്ടായ്, ടെസ്ല , സുബാരു, ഇസുസു മിത്സുബിഷി എന്നിവ വിശകലനം ചെയ്ത്തിൽ കിയ, ഹ്യൂണ്ടായ്, ടെസ്ല എന്നിവ തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ഏറ്റവും മോശമാണെന്ന് ചോയ്സ് കുറ്റപ്പെടുത്തുന്നു. ഉപഭോക്താവിന്റെ ഏറ്റവും സ്വകാര്യമായ വിവരങ്ങൾ വരെ ചോർത്തുന്നുവെന്നാണ് ആരോപണം ഉയരുന്നത്.
വാഹനം സഞ്ചരിക്കുന്ന ദൂരം അളക്കുന്ന ഓഡോമീറ്റർ റിഡിങ്, ബ്രേക്കിങ് പാറ്റേണുകൾ, വാഹന ലൊക്കേഷൻ, വോയ്സ് റെക്കഗ്നിഷൻ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഹ്യൂണ്ടായും കിയയും ശേഖരിച്ച് പങ്കിടുന്നതായി ചോയ്സിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ടെസ്ലയാകട്ടെ അവരുടെ കാറുകൾക്കകത്തും പുറത്തുമുള്ള ക്യാമറകളിൽ നിന്ന് ചിത്രങ്ങളും ഹ്രസ്വ വീഡിയോകളും ശേഖരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് ബ്രാൻഡുകൾ (മിത്സുബിഷി, സുബാരു, ഇസുസു ) മാത്രം ഡ്രൈവർമാരുടെ യാതൊരുവിധത്തിലുള്ള ഡാറ്റ ശേഖരിക്കുകയോ അതു പങ്കിടുകയോ ചെയ്തിട്ടില്ല.
ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതിൽ ആരോഗ്യപരവും ലൈംഗികപരവുമായി വിവരങ്ങൾ പോലും ഉൾപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു. കാറുകളിൽ ഉപയോഗിക്കുന്ന ആപ്പുകളും സെൻസറുകളും മറ്റ് സംവിധാനങ്ങളും വഴിയാണ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നത്. സ്വകാര്യ വിവരങ്ങൾക്കൊപ്പം ഡ്രൈവിങ് ശീലങ്ങളും ഡ്രൈവറുടെ ബൗദ്ധിക നിലവാരവും മുഖ ഭാവങ്ങളും വരെ ചോർത്തുന്നുണ്ട് എന്നാണ് ആരോപണം.
വൈദ്യുത കാർ കമ്പനികളിലെ മുൻ നിരക്കാരായ ടെസ്ല ഉടമകളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായി നേരത്തേ ആരോപണം ഉയർന്നിരുന്നു.
“പല കാർ കമ്പനികളുടെയും സ്വകാര്യതാ നയം എഴുതിയിരിക്കുന്ന രീതി അവ്യക്തമാണ്. അതിലൂടെ ഡാറ്റ പങ്കിടാൻ അവർക്ക് പഴുത് ലഭിക്കുന്നതായി ചോയ്സ് ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടർ ജാർണി ബ്ലോക്കർലി പറഞ്ഞു. പത്ത് കാർ ബ്രാൻഡുകൾ പരിശോധിച്ചതിൽ ഏഴെണ്ണത്തിലും ഡ്രൈവർ ഡാറ്റ, ഡ്രൈവിങ് ശീലങ്ങൾ എന്നിവ ട്രാക്ക് ചെയ്യാനും ആ ഡാറ്റ മൂന്നാം കക്ഷികൾക്ക് വിൽക്കാനും അനുവദിക്കുന്ന സ്വകാര്യതാ നയങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് തങ്ങൾ കണ്ടത്തിയതായി അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിടില്ലെന്ന് പല കാർ നിർമാതാക്കളും അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് അവകാശവാദത്തിൽ മാത്രം ഒതുങ്ങുകയാണെന്നും സ്വകാര്യതാ നയം വിശദീകരിക്കുന്ന സങ്കീർണ ഭാഷാ പ്രയോഗങ്ങൾ വഴി ഇത്തരം രീതികൾ മറച്ചു പിടിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്.