ഇസ്രയേല്‍–ഹിസ്ബുല്ല യുദ്ധം കനത്തത്തോടെ ലെബനനിലുള്ള ഓസ്ട്രേലിയന്‍ പൗരന്മാരെ ശനിയാഴ്ച മുതല്‍ ഒഴിപ്പിച്ചു തുടങ്ങും. ഇതിനായി സ്വകാര്യവിമാനക്കമ്പനിയുടെ വിമാനങ്ങളില്‍ 500 സീറ്റുകള്‍ ബുക്ക് ചെയ്തതായി ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ് അറിയിച്ചു.
1700 ഓസ്ട്രേലിയക്കാര്‍ ഇപ്പോള്‍ ലെബനനില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും ഇതില്‍പ്പെടും. ഇവരെ എല്ലാം ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ബെയ്റൂട്ടില്‍ നിന്ന് സൈപ്രസിലേക്കാണ് വിമാനങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഇവിടെ നിന്ന് ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകും. ലെബനനില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്ന എല്ലാ ഓസ്ട്രേലിയക്കാരും ഈ അവസരം ഉപയോഗിക്കണമെന്നും പെന്നി വോങ് അഭ്യര്‍ഥിച്ചു.