ജനീവ: ഗാസയിൽ വെടിനിർത്തൽ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന യൂ.എൻ പ്രമേയത്തെ പിന്തുണച്ച് ഓസ്ട്രേലിയ. ഐക്യരാഷ്ട്രസരയിൽ 150 ലധികം രാജ്യങ്ങൾക്കൊപ്പമാണ് ഓസ്ട്രേലിയ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. ആൽബനീസി സർക്കാരിൻ്റെ ഈ നീക്കം ഓസ്ട്രേലിയയിലെ ജൂത സമൂഹത്തിനിടയിൽ അതൃപ്തിക്കു കാരണമായിട്ടുണ്ട്. ഓസ്ട്രേലിയയും ഇസ്രയേലും തമ്മിലുള്ള ബന്ധം വഷളാകാനും ഇതു കാരണമാകുമെന്നാണ് എ.ബി.സി അടക്കമുള്ള ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രമേയം യൂ.എൻ ജനറൽ അസംബ്ലി പാസാക്കി.
പാലസ്തീൻ അഭയാർഥികൾക്കുള്ള യു.എൻ. ഏജൻസിയായ ‘ഉൻ്റ’യ്ക്ക് ഇസ്രയേൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെയും ഓസ്ട്രേലിയ പിന്തുണയ്ക്കുന്നു. യുദ്ധ ബാധിത മേഖലയിലേക്ക് നിർണായകമായ മാനുഷിക സഹായം എത്തിക്കുന്നതിൽ ഉന്ററയുടെ പ്രധാന്യം ചൂണ്ടിക്കാട്ടിയാണ് ഓസ്ട്രേലിയൻ സർക്കാർ പ്രമേയത്തെ പിന്തുണച്ചത്. ‘ഉൻ്റ’യുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുന്നത് ഗാസയിലെ മാനുഷിക പ്രതിസന്ധിയെ കൂടുതൽ വഷളാക്കുകയേയുള്ളൂ എന്ന് ഐക്യരാഷ്ട്ര സഭയിലെ ഓസ്ട്രേലിയയുടെ പ്രതിനിധി ജെയിംസ് ലാർസൻ പറഞ്ഞു.വ്യാഴാഴ്ച്ച നടന്ന യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് ഓസ്ട്രേലിയയുടെ നിർണായക നീക്കമുണ്ടായത്.
ശാശ്വതവും നിരുപാധികവുമായ വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ, മാനുഷിക സഹായം വിതരണം ചെയ്യൽ, സാധാരണക്കാരുടെ സംരക്ഷണം എന്നിവയ്ക്കായുള്ള പ്രമേയത്തെ 158 അംഗ രാജ്യങ്ങൾ അനുകൂലിച്ചുപ്പോൾ ഒമ്പത് രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. 13 രാജ്യങ്ങൾ വിട്ടുനിന്നു.
ഹമാസുമായുള്ള ബന്ധം ആരോപിച്ചാണ് എജൻസിയെ ഇസ്രയേൽ നിരോധിച്ചത്. നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ പിന്തുണച്ച ഓസ്ട്രേലിയയുടെ യുഎൻ തിരുമാനത്തെ ഷാഡോ ഹോം അഫയേഴ്സ് മന്ത്രി ജെയിംസ് പാറ്റേഴ്സൺ ഉൾപ്പെടെയുള്ള പ്രതിപക്ഷം ശക്തമായി എതിർത്തു.. പാലസ്തീനോടുള്ള ഓസ്ട്രേലിയയുടെ മാറുന്ന നിലപാടും യുഎൻ വോട്ടെടുപ്പും രാജ്യത്ത് ഉയർന്നുവരുന്ന യഹൂദവിരുദ്ധതയ്ക്ക് ആക്കം കൂട്ടുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകുന്നു.