നടന് വിനായകന്റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ ആക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. സംഘം ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന് സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം.അക്രമം നടത്തിയവര്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് എത്തിയത്. പൊലീസും ഫ്ലാറ്റിലെ സുരക്ഷാജീവനക്കാരും ചേര്‍ന്നാണ് ഇവരെ പിടിച്ച് മാറ്റിയത്. അതേസമയം അധിക്ഷേപ പരാമര്‍ശത്തില്‍ വിനായകനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നൽകിയത്. വിനായകനെതിരെ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ സതീഷ് ഡിജിപിക്കാണ് പരാതി നൽകിയത്. വിനായകൻ സിനിമ മേഖലയിലെ ലഹരിമാഫിയയുടെ തലവനാണെന്നാണ് കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് അജിത്ത് അമീർ ബാവ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. വിനായകന്റെ ലഹരി – മാഫിയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. ഇന്നലെ വൈകിട്ട് ഫേസ്ബുക്ക് ലൈവിലൂടെ എത്തിയാണ് വിനായകന് ഉമ്മന്‍ ചാണ്ടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.