മാള: പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് 88 കാരനോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരത. പുതുവത്സര ദിനത്തില്‍ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധന് ആരോഗ്യം വഷളായി ഫെബ്രുവരിയിലാണ് മരിച്ചത്. പ്രായമായി കിടപ്പിലായ രോഗിയെ ചികിത്സിക്കാനെത്തി പീഡിപ്പിച്ചതിന് ഹോം നഴ്സ് അറസ്റ്റിലുമായി.
മാളയിലാണ് സംഭവം. എണ്‍പത്തെട്ടുകാരനെ പരിചരിക്കാനെത്തിയ 67 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മക്കള്‍ വിദേശത്തായിരുന്നതിനാലാണ് കിടപ്പിലായ പിതാവിനെ പരിചരിക്കാനായി 67കാരനായ മത്തായിയെ ഏര്‍പ്പാടാക്കിയത്. ഇവര്‍ രണ്ട് പേരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിന്നീട് രോഗം മൂര്‍ച്ഛിച്ച 88 കാരന് പാലിയേറ്റീവ് കെയറില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഫെബ്രുവരിയിലാണ് 88 കാരന് മരിച്ചത്. പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലുണ്ടായിരുന്ന സിസിടിവി പരിശോധിച്ചപ്പോഴാണ് വയോധികന് നേരെ നടന്ന ശാരീരിക പീഡനം മക്കള്‍ അറിയുന്നത്. ശാരീരികമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. ജനുവരി ഒന്നിനായിരുന്നു വയോധികന് നേരെ അതിക്രമം ഉണ്ടായത്. പുത്തന്‍ ചിറ ചക്കാലയ്ക്കല്‍ മത്തായിയെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്.