അഡലെയ്ഡ് : കുട്ടികളെ തീവ്ര ആശയങ്ങളിലേക്കു നയിക്കുന്നതിൽ സമൂഹ മാധ്യമങ്ങളുടെ പങ്ക് ഗൗരവമേറിയതാണെന്ന് രാജ്യത്തെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി മേധാവി മൈക്ക് ബർഗെസ്. രാജ്യത്തെ ഏറ്റവും പുതിയ തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നത് കൗമാരക്കാരാണെന്നും അതിൽ 14 വയസ് മാത്രം പ്രായമുള്ളയാൾ വരെയുണ്ടെന്ന്യം ബർഗെസ് പറഞ്ഞു. സമൂഹ മാധ്യമങ്ങൾ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് അഡ്ലെയ്ഡിൽ നടന്ന ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഓസ്ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ്റെ (എ.എസ്.ഐ.ഒ) ഡയറക്ടർ ജനറൽ.
സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കങ്ങൾക്കിടയിലാണ് സൗത്ത് ഓസ്ട്രേലിയ, ന്യൂ സൗത്ത് വെയിൽസ് സർക്കാരുകൾ കഴിഞ്ഞ ദിവസം ഉച്ചകോടി സംഘടിപ്പിച്ചത്.
സമൂഹ മാധ്യമങ്ങളും ഡിജിറ്റൽ സാങ്കേതിക വിദ്യകളും ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന രീതികളെക്കുറിച്ച് മൈക്ക് ബർഗെസ് മുന്നറിയിപ്പ് നൽകി. യുവാക്കൾ ഉൾപ്പെടുന്ന ഭീകരവാദ കേസുകൾ ആശങ്കജനകമാംവിധം വർധിച്ചതായി അദ്ദേഹം പറഞ്ഞു.രാജ്യത്തെ പുതിയ തീവ്രവാദ കേസുകളിലെ പ്രതികളെല്ലാം കൗമാരക്കാരാണ്. സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നെങ്കിലും ഈ ഓരോ സംഭവങ്ങളിലും ഇന്റർനെറ്റ് ഒരു പ്രധാന ഘടകമായിരുന്നു. എഎസ്ഐയുടെ പരിഗണനയിലുള്ള തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളിൽ 20 ശതമാനം പേർ പ്രായപൂർത്തിയാകാത്തവരാണ്.
ഒരു സമയത്ത് നാം നമ്മുടെ കുട്ടികൾക്ക് ഇന്റർനെറ്റിൻ്റെ എല്ലാ ഉള്ളടക്കത്തിലേക്കും പൂർണമായ പ്രവേശനം അനുവദിച്ചു. നമ്മുടെ ചില കൗമാരക്കാർ നാസി പതാകകളും ക്രൈസ്റ്റ് ചർച്ചിലെ കൊലയാളിയുടെ ഛായാചിത്രങ്ങളും അവരുടെ കിടപ്പുമുറിയുടെ ചുവരുകളിൽ തൂക്കിയിടുന്നു. ചിലർ ശിരഛേദം ചെയ്യുന്ന വീഡിയോകൾ പങ്കിടുന്നു. മതവിശ്വാസത്തിൻ്റെ പേരിൽ കൊല്ലാൻ പോലും മടിയില്ലാത്ത ഓസ്ട്രേലിയൻ യുവാക്കളുടെ എണ്ണം വർധിക്കുകയാണോ എന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) തീവ്രവാദികളുടെ ജോലി എളുപ്പമാക്കുന്നു. തീവ്രവാദികളുടെ കൈകളിലെ ആയുധമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികൾ എ.ഐ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഇതിനകം വിവരം ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള റിക്രൂട്ട്മെന്റ് കാമ്പെയ്നുകൾക്കായി അവർ ഇത് ഉപയോഗിക്കാൻ ശ്രമിക്കും.
ഓസ്ട്രേലിയക്കാർ വിദേശത്തുള്ള തീവ്രവാദികളുമായി ആശയവിനിമയം നടത്തുന്നതടക്കമുള്ള വിവരങ്ങൾ സുരക്ഷാ അധികാരികൾക്ക് ലഭിച്ചിട്ടുള്ളതായും ബർഗെസ് വെളിപ്പെടുത്തി. ഇൻ്റർനെറ്റിന്റെ ഇരുണ്ട ഇടങ്ങളിലേക്കുള്ള ഒരു ഗേറ്റ്വേയായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു – ‘ടെറർഗ്രാം’ എന്നറിയപ്പെടുന്ന ഒരു ടെലഗ്രാം ചാറ്റ് റൂം ഇതിനുദാഹരണമാണ്. ഓസ്ട്രേലിയക്കാർ ഉൾപ്പെടെ തീവ്രവാദികളുമായി ആശയവിനിമയം നടത്താൻ ടെറർഗ്രാം ഉപയോഗിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികൾക്ക് സ്വയം തീവ്രവാദ ആരശയങ്ങളിലേക്ക് ആകർഷിക്കപ്പെടാനുള്ള വഴികൾ ഏറെയാണ്. ഈ പ്രക്രിയയ്ക്ക് മാസങ്ങളും വർഷങ്ങളും വേണ്ട,വെറും ദിവസങ്ങൾ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു .