പെർത്ത്: പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളി യുവാവ് ആഷിൽ റോയലിന്റെ സംസ്കാരം ജനുവരി എട്ടിന് നടക്കും. പെർത്ത് സെൻ്റ് ജോസഫ് സിറോ മലബാർ പള്ളിയിൽ എട്ടിന് രാവിലെ 10.30 മുതൽ 11 വരെ പൊതുദർശനം. തുടർന്ന് വിശുദ്ധ കുർബാനയും സംസ്കാര ശുശ്രൂഷകളും നടക്കും. 2.15-ന് പാൽമിറയിലെ ഫ്രീമാന്റിൽ സെമിത്തേരിയിൽ മൃതദേഹം എത്തിച്ച് ശുശ്രൂഷകൾക്കു ശേഷം സംസ്കരിക്കും.
പെർത്തിലെ മലയാളികൾക്ക് ഏറെ ഞെട്ടലുണ്ടാക്കിയതാണ് ആഷിലിൻ്റെ (24) ആകസ്മിക മരണം. പെർത്തിലെ കാനിങ് വയിലിൽ താമസിക്കുന്ന റോയൽ തോമസ്-ഷീബ ദമ്പതികളുടെ മകനാണ് ആഷിൽ.
കഴിഞ്ഞ 22ന് ക്രിസ്തുമസിന് രണ്ട് ദിവസം മുൻപാണ് അപകടമുണ്ടായത്. പെർത്ത് സമയം രാത്രി 11.15നായിരുന്നു അപകടം. കാനിങ്ങ് വെയിൽ നിക്കോൾസൺ റോഡിൽ കാറും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രികനായ ആഷിൽ തൽക്ഷണം മരിക്കുകയായിരുന്നു. യുവാവിൻ്റെ വീടിനു സമീപമാണ് അപകടമുണ്ടായ സ്ഥലം. ആഷിലിനെയും കാർ ഡ്രൈവറെയും റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബൈക്ക് യാത്രികനായ ആഷിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഓസ്ട്രേലിയൻ മാധ്യമമായ ‘വെസ്റ്റ് ഓസ്ട്രേലിയൻ റിപ്പോർട്ട് ചെയ്തു.
പാലാ തീക്കോയിൽ പനക്കക്കുഴി കുടുംബാംഗമാണ് ആഷിലിൻ്റെ പിതാവ് റോയൽ. പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണ് റോയൽ. ഐൻസ് റോയൽ ഏക സഹോദരനാണ്. ആഷിലിന്റെ മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തിൽ എത്തിയപ്പോഴാണ് ദുരന്ത വാർത്ത തേടിയെത്തിയത്.
ഏതാനും വർഷം മുമ്പായിരുന്നു ആഷിൽ പെർത്തിലെ ഫ്ളൈയിങ് ക്ലബിൽ പരിശീലനം പൂർത്തിയാക്കി പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയത്. പൈലറ്റ് ലൈസൻസ് കിട്ടിയ ശേഷം കുടുംബത്തെ ഉൾപ്പെടെ വിമാനത്തിൽ കയറ്റി ഓടിക്കുന്ന വീഡിയോ വൈറലായിരുന്നു.
അയർലൻഡിൽ ഡബ്ലിനിലായിരുന്നു റോയൽ തോമസും കുടുംബവും ആദ്യമുണ്ടായിരുന്നത്. അയർലൻഡിലെ 10 വർഷത്തോളം നീണ്ട ജീവിതത്തിനു ശേഷം 12 വർഷം മുമ്പാണിവർ ഓസ്ട്രേലിയയിൽ കുടിയേറിയത്. ഓസ്ട്രേലിയയിലെ പെർത്ത് സെൻ്റ് ജോസഫ് സിറോ മലബാർ ഇടവകാംഗമാണ് ആഷിലിൻ്റെ കുടുംബം.
അയർലൻഡ്, ഓസ്ട്രേലിയൻ മലയാളികളുടെ ഇടയിൽ സുപരിചിതമായ കുടുംബം ആയിരുന്നു റോയൽ തോമസിന്റേത്.