പതിറ്റാണ്ടുകൾ നീണ്ട പരീക്ഷണങ്ങൾക്ക് ഒടുവിൽ ലോകത്ത് ആദ്യമായി ‘ജെന്നാരിസ് ബയോണിക് വിഷൻ സിസ്റ്റം’ അഥവാ ബയോണിക് ഐ എന്ന അത്യാധുനിക സാങ്കേതിക വിദ്യ കണ്ടുപിടിച്ചിരിക്കുകയാണ് ഗവേഷകർ. ഇതിൻ്റെ സഹായത്തോടെ കൃത്രിമ കണ്ണുകൾ വികസിപ്പിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ മോനാഷ് സർവകലാശാലയിലെ ഗവേഷകർ.
കണ്ണുകളിൽ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങൾ കൈമാറുന്ന നാഡികൾ ഒപ്റ്റിക് നാഡികൾ. ഇവയ്ക്ക് തകരാറ് സംഭവിച്ചാൽ പിന്നീട് അത് കാഴ്ചശക്തിയെ ബാധിക്കും. എന്നാൽ പുതിയ കണ്ടെത്തൽ വഴി തകരാറിലായ ഒപ്റ്റിക് നാഡികളെ മറികടന്ന് ജെന്നാരിസ് ബയോണിക് വിഷൻ സിസ്റ്റം തലച്ചോറിൻ്റെ കാഴ്ച കേന്ദ്രത്തിലേക്ക് നേരിട്ട് സിഗ്നലുകൾ അയച്ചു. ഇതിലൂടെ കാഴ്ചയില്ലാത്തവർക്ക് വസ്തുക്കൾ കാണാൻ സാധിക്കും.
ബയോണിക് ഐക്കണ്ണിൻ്റെ രൂപത്തിൽ മിനിയേച്ചർ ക്യാമറയും വിഷൻ പ്രൊസസറും അടങ്ങിയതാണ് ബയോണിക് ഐ. കൂടാതെ ഒരാൾക്ക് ലഭിക്കുന്ന വിശ്വൽ ഡാറ്റ സ്വീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും തലച്ചോറിൽ ടൈലുകൾ, വയർലെസ് റിസീവറുകൾ, മൈക്രോ ഇലക്ട്രോഡുകൾ എന്നിവയും സ്ഥാപിക്കും. ഒട്ടും കാഴ്ച്ച പരിധി ഇല്ലാത്തവരിലാണ് ബയോണിക് വിഷന് സിസ്റ്റം പ്രവർത്തിക്കുക.
ക്യാമറയിൽ പതിയുന്ന ചിത്രങ്ങളിൽ നിന്ന് പ്രോസസർ ഡാറ്റ തലച്ചോറിൽ സ്ഥാപിച്ചിരിക്കുന്ന ടൈലുകളിലേക്ക് സിഗ്നൽ ആയി അയക്കുന്നു. തുടർന്ന് മസ്തിഷ്കത്തിൻ്റെ പ്രാഥമിക വിശ്വൽ കോർട്ടക്സിൽ സ്ഥാപിച്ചിരിക്കുന്ന മൈക്രോ ഇലക്ട്രോഡുകൾ തലച്ചോറിലെ ന്യൂറോണുകളെ ഉത്തേജിപ്പിക്കുകയും ഈ ഫോസ്ഫെൻസ് എന്ന പ്രകാശത്തിൻ്റെ ഫ്ലാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം ഫോസ്ഫെനുകളെ ചിത്രങ്ങളായി വ്യാഖ്യാനിക്കാൻ തലച്ചോർ സഹായിക്കും. ഒട്ടും വൈകാതെ തന്നെ ഇത് മനുഷ്യരിൽ തുടങ്ങുമെന്നാണ് ഗവേഷകർ പറയുന്നത്.