വാഷിംഗ്ടണ്‍ : അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആര്‍ട്ടെമിസ് മിഷന്റെ ഭാഗമായ ആര്‍ട്ടെമിസ് – 2ലെ യാത്രികരെ നാസ പ്രഖ്യാപിച്ചു.
കമാന്‍ഡര്‍ റീഡ് വൈസ്മാന്, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന് സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്സന് എന്നിവരാണ് യാത്രികര്‍.ഇവരില്‍ ജെറമി ഹാന്സന് കനേഡിയന്‍ സ്പേസ് ഏജന്‍സി പ്രതിനിധിയും മറ്റുള്ളവര്‍ അമേരിക്കക്കാരുമാണ്. ആദ്യമായാണ് ഒരു ചാന്ദ്ര ദൗത്യത്തില്‍ സഞ്ചാരികളായി ഒരു സ്ത്രീയേയും കറുത്ത വംശജനെയും തിരഞ്ഞെടുക്കുന്നത്. ഇന്നലെ ടെക്സസിലെ ഹൂസ്റ്റണില്‍ നടന്ന പരിപാടിയിലാണ് നാസ ഇവരെ പരിചയപ്പെടുത്തിയത്.
50ലേറെ വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യരുമായി യാത്ര തിരിക്കുന്ന ആദ്യ ചാന്ദ്ര ദൗത്യമാണ് ആര്‍ട്ടെമിസ് 2. നാല് യാത്രികരും ചന്ദ്രനില്‍ കാലുകുത്തില്ല. പകരം, ആര്‍ട്ടെമിസ് 2വിന്റെ ഒറിയോണ്‍ പേടകത്തില്‍ ചന്ദ്രന്റെ അടുത്തുകൂടി പറന്ന് ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്ത് 10 ദിവസത്തിന് ശേഷം തിരിച്ചെത്തും. ആര്‍ട്ടെമിസ് – 2, 2024 നവംബര്‍ അവസാനം ഉണ്ടാകും.ആര്‍ട്ടെമിസ് 2 വിജയിച്ചാല്‍ ആര്‍ട്ടെമിസ് 3 യിലൂടെ നാല് യാത്രികരെ ചന്ദ്രോപരിതലത്തിലിറക്കും. ഇത് 2025ലുണ്ടായേക്കുമെങ്കിലും കാലതാമസം നേരിട്ടേക്കാം. ചന്ദ്രനില്‍ ആദ്യമായി ഒരു വനിത, കറുത്ത വര്‍ഗ്ഗ വ്യക്തി എന്നിവരെ എത്തിക്കുകയാണ് ആര്‍ട്ടെമിസ് 3 യുടെ ലക്ഷ്യം. 1972ല്‍ അപ്പോളോ 17ലൂടെയാണ് മനുഷ്യന് അവസാനമായി ചന്ദ്രനിലിറങ്ങിയത്. 12 പേരാണ് ഇതുവരെ ചന്ദ്രനില്‍ കാലുകുത്തിയത്.
ടീം ആര്‍ട്ടെമിസ്
റോയല്‍ കനേഡിയന്‍ എയര്‍ ഫോഴ്സിലെ ഫൈറ്റര്‍ പൈലറ്റായിരുന്നു ജെറമി ഹാന്സന് ( 47 ). ജെറമി ഒഴികെ മറ്റ് മൂന്ന് പേരും ഇതിന് മുന്നേ ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്.
നാസയുടെ ആസ്ട്രോനട്ട് ഓഫീസിന്റെ മുന്‍ തലവനാണ് റീഡ് വൈസ്മാന് ( 47 ). 2015ല്‍ ഇദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്തിരുന്നു.
2013ല്‍ നാസയുടെ ഭാഗമായ വിക്ടര്‍ ഗ്ലോവര്‍ ( 46 ) 2020ലാണ് ബഹിരാകാശ യാത്ര നടത്തിയത്. ഏറ്റവും കൂടുതല്‍ സമയം ( ആറ് മാസം ) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തങ്ങിയ ആഫ്രിക്കന്‍ – അമേരിക്കന്‍ വംശജനാണ് ഇദ്ദേഹം.
ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ ആയ ക്രിസ്റ്റീന കോച്ച് ( 44 ) തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് തങ്ങിയ വനിത ( 328 ദിവസം ) എന്ന റെക്കാഡിനുടമയാണ്.