തിരുവനന്തപുരം: മാർക്ക് ലിസ്റ്റ് വിവാദം എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. മാർക് ലിസ്റ്റ് പ്രശ്നത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നിരപരാധിയാണെന്ന് ഇന്ന് ചേർന്ന നേതൃയോഗം വിലയിരുത്തി. ഇക്കാര്യത്തിൽ ആർഷോ പാർട്ടിക്ക് നൽകിയ വിശദീകരണം തൃപ്തികരമാണെന്നും എന്നാൽ കെ വിദ്യക്കെതിരെ ഉയർന്ന വ്യാജരേഖാ ആരോപണം ഗുരുതരമാണെന്നും പാർട്ടി വിലയിരുത്തി. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും വിലയിരുത്തിയിട്ടുണ്ട്. വിദ്യക്ക് ആരുടെയെങ്കിലും സഹായം കിട്ടിയോ എന്നത് അന്വേഷണത്തിൽ തെളിയട്ടെയെന്ന നിലപാടിലാണ് സിപിഎം.
അതേസമയം മാർക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചനയെന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതി പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. യാതൊരു ഗൂഢാലോചനയുമില്ലെന്നും സോഫ്റ്റ്വെയർ തകരാറാണ് പരീക്ഷയെഴുതാത്ത ആർഷോയെ ജയിപ്പിച്ചതെന്നുമാണ് മഹാരാജാസ് കോളേജ് ഗവേണിങ് കൗൺസിലിന്റെ വിലയിരുത്തൽ. കെ എസ് യു പ്രവർത്തകയായ വിദ്യാർത്ഥിനിക്ക് അധ്യാപകൻ വഴിവിട്ട് ഇടപെട്ട് അധിക മാർക്ക് നൽകിയെന്ന ആർഷോയുടെ പരാതിയിലും കഴമ്പില്ല. എന്നാൽ തനിക്കെതിരായ മാർക് ലിസ്റ്റ് വിവാദം ഗൂഢാലോചനയെന്ന നിലപാടിലുറച്ച് അർഷോയും രംഗത്തെത്തി.മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ എസ് എഫ് ഐ നേതാവ് വിദ്യയ്ക്കെതിരായ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന ആരോപണത്തിനിടെയാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിൽ പൊലീസിന്റെ മിന്നൽ നീക്കം. മഹാരാജാസ് ഓട്ടോണമസ് കോളജിലെ മാർക് ലിസ്റ്റിൽ പരീക്ഷയെഴുതാത്ത തന്നെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നിൽ അധ്യാപകരുൾപ്പെട്ട ഗൂഢാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നുമായിരുന്നു പി എം അർഷോ എഡിജിപിക്ക് നൽകിയ പരാതി. കൊച്ചിസിറ്റി പൊലീസിന് കൈമാറിക്കിട്ടിയ പരാതിയിലാണ് കേസെടുത്ത് അതിവേഗം അന്വേഷണത്തിന് നിർദേശിച്ചത്.
തനിക്കെതിരായ ആരോപണത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്നാണ് ആർഷോയുടെ നിലപാട്. ഒരു തെളിവുമില്ലാതെയാണ് തന്നെ വേട്ടയാടുന്നതെന്നും പി എം ആർഷോ പറഞ്ഞു. മാർക് ലിസ്റ്റ് വിവാദം സാങ്കേതികപ്പിഴവ് മാത്രമെന്ന് പറഞ്ഞ കോളജ് ഗവേണിങ് കൗൺസിൽ ആർഷോയുടെ ഗൂഢാലോചനാ സിദ്ധാന്തം തളളി. ഇക്കാര്യത്തിൽ അധ്യാപകരെ കുറ്റപ്പെടുത്തേണ്ടതില്ല. കെ എസ് യു പ്രവർത്തകയായ വിദ്യാർത്ഥിനിക്ക് പുനർമൂല്യനിർണയത്തിൽ അധിക മാർക്ക് കിട്ടിയത് അധ്യാപക ഇടപെടൽ കൊണ്ടെന്ന ആർഷോയുടെ പരാതിക്കും അടിസ്ഥാനമില്ലെന്നും വിലയിരുത്തിയിട്ടുണ്ട്.